അബൂഖതാദഃ -رَضِيَ اللَّهُ عَنْهُ- തന്നിൽ നിന്ന് കടംവാങ്ങിയ ശേഷം ഒളിച്ചു നടക്കുന്ന ഒരാളെ അന്വേഷിച്ചു കഴിയുകയായിരുന്നു. അയാളെ കണ്ടെത്തിയപ്പോൾ ആ മനുഷ്യൻ പറഞ്ഞു: "ഞാൻ കടുത്ത പ്രയാസബാധിതനാണ്. താങ്കളുടെ കടം തന്നുവീട്ടാനുള്ള സമ്പത്ത് എൻ്റെ പക്കലില്ല." അവൻ്റെ കയ്യിൽ പണമില്ല എന്ന കാര്യം സത്യമാണോ എന്നറിയാൻ വേണ്ടി അദ്ദേഹത്തോട് സത്യം ചെയ്യാൻ അബൂ ഖതാദഃ ആവശ്യപ്പെട്ടു. താൻ പറയുന്നത് സത്യമാണെന്ന് അല്ലാഹുവിൻ്റെ പേരിൽ അദ്ദേഹം സത്യം ചെയ്തു പറഞ്ഞു. ഇത് കേട്ടപ്പോൾ നബി -ﷺ- പറഞ്ഞ ഒരു ഹദീഥ് അബൂ ഖതാദഃ സ്മരിക്കുകയുണ്ടായി: "ആർക്കെങ്കിലും അന്ത്യനാളിലെ പ്രയാസങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഭീതിയിൽ നിന്നും അല്ലാഹു തന്നെ സംരക്ഷിക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ അവൻ പ്രയാസത്തിലകപ്പെട്ട ഒരാൾക്ക് നൽകിയ കടത്തിൻ്റെ അവധി നീട്ടിനൽകിക്കൊണ്ടോ കടം ഭാഗികമായോ പൂർണ്ണമായോ എഴുതിത്തള്ളിക്കൊണ്ടോ അവൻ ആശ്വാസം നൽകട്ടെ" എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്.