നബി -ﷺ- യോട് ചോദിക്കപ്പെട്ടു: "ഏതു പ്രവർത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?" നബി -ﷺ- പറഞ്ഞു: "നിർബന്ധ നിസ്കാരങ്ങൾ അല്ലാഹു നിശ്ചയിച്ച സമയത്ത് തന്നെ നിർവ്വഹിക്കലാണ്." ശേഷം മാതാപിതാക്കളോട് നന്മയിൽ വർത്തിക്കലും, അവർക്ക് നന്മ ചെയ്യലും, അവരോടുള്ള ബാധ്യതകൾ നിറവേറ്റലും, അവരെ ധിക്കരിക്കുന്നതും ഉപദ്രവിക്കുന്നതും ഉപേക്ഷിക്കലുമാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്. ശേഷം അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിരോധിക്കുന്നതും, ദീനിൻ്റെ അടയാളങ്ങൾ പ്രകടമാക്കുന്നതിനും വേണ്ടി സമ്പത്തും ശരീരവും കൊണ്ട് യുദ്ധം ചെയ്യലാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ പ്രവർത്തി. ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- ഇവയെല്ലാം എനിക്ക് പറഞ്ഞു തന്നു. 'ഇനി ഏതാണ് അല്ലാഹുവിന് കൂടുതൽ പ്രിയങ്കരം' എന്ന് ഞാൻ വീണ്ടും ചോദിച്ചിരുന്നെങ്കിൽ നബി -ﷺ- എനിക്ക് ഇനിയും പറഞ്ഞു തരുമായിരുന്നു.