മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- ഒരു ദരിദ്രയായ സ്ത്രീ തൻ്റെ രണ്ട് പെൺമക്കളെയും വഹിച്ചു കൊണ്ട് അവരുടെ അടുത്ത് വരികയും, തൻ്റെ ആവശ്യം പറയുകയും ചെയ്തപ്പോൾ അവർക്ക് മൂന്ന് ഈത്തപ്പഴങ്ങൾ നൽകിയ സംഭവമാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. ആ സ്ത്രീ തനിക്ക് ലഭിച്ചതിൽ രണ്ട് ഈത്തപ്പഴങ്ങൾ തൻ്റെ കുട്ടികൾക്ക് നൽകിയ ശേഷം ബാക്കിയുള്ള ഈത്തപ്പഴം ഭക്ഷിക്കാനായി വായിലേക്ക് ഉയർത്തിയപ്പോഴാണ് അവളുടെ രണ്ട് മക്കളും ആ ഈത്തപ്പഴവും തങ്ങൾക്ക് നൽകാൻ ആവശ്യപ്പെട്ടത്. എന്നാൽ ആ സ്ത്രീ താൻ കഴിക്കാൻ ഉദ്ദേശിച്ച ആ ഈത്തപ്പഴം രണ്ടായി പിളർത്തിയ ശേഷം തൻ്റെ രണ്ട് മക്കൾക്കും അത് വീതംവെച്ചു നൽകി. ആഇശാ -رَضِيَ اللَّهُ عَنْهَا- യെ ഈ പ്രവർത്തി ഏറെ അത്ഭുതപ്പെടുത്തി. അവൾ ചെയ്ത കാര്യം നബി -ﷺ- യോട് ഉണർത്തിയപ്പോൾ അവിടുന്ന് പറഞ്ഞു: "ആ ഈത്തപ്പഴം (മക്കൾക്ക് നൽകിയത്) കാരണത്താൽ അല്ലാഹു അവൾക്ക് സ്വർഗം നിർബന്ധമാക്കിയിരിക്കുന്നു. അല്ലെങ്കിൽ നരകത്തിൽ നിന്ന് അവളെ മോചിപ്പിച്ചിരിക്കുന്നു."