തനിക്ക് മുൻപ് നിയോഗിക്കപ്പെട്ട ഏതൊരു നബിക്കും അദ്ദേഹത്തിൻ്റെ ജനതയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചില സഹായികളും നിഷ്കളങ്കരായ പോരാളികളും നൽകപ്പെട്ടിട്ടുണ്ട് എന്നും, അവർ ആ നബിമാരുടെ കാലശേഷം അവരുടെ മാർഗത്തിൽ പിൻതലമുറയായി ചരിച്ചിട്ടുണ്ടെന്നും, തങ്ങളുടെ നബിയുടെ മാതൃക സ്വീകരിച്ചു കൊണ്ടും അദ്ദേഹത്തിൻ്റെ കൽപ്പനകൾ നിറവേറ്റിക്കൊണ്ടും അവർ ജീവിച്ചിട്ടുണ്ടെന്നും നബി -ﷺ- അറിയിക്കുന്നു. എന്നാൽ സച്ചരിതരായ ഈ തലമുറക്ക് ശേഷം ഒരു നന്മയുമില്ലാത്ത ചിലർ ഉടലെടുക്കുകയും, തങ്ങൾ പ്രവർത്തിക്കാത്തത് അവർ പറയുകയും, കൽപ്പിക്കപ്പെടാത്തത് അവർ പ്രവർത്തിക്കുകയും ചെയ്യും. അവരോട് ആരെങ്കിലും കൈ കൊണ്ട് പോരാടിയാൽ അവൻ യഥാർത്ഥ മുഅ്മിനാണ് . അവരോട് തൻ്റെ നാവ് കൊണ്ട് പോരാടുന്നവനും മുഅ്മിനാണ്. തൻ്റെ ഹൃദയം കൊണ്ട് അവരോട് പടപൊരുതുന്നവനും മുഅ്മിനാണ്. അതിനും താഴെ ഈമാനിൻ്റെ ഒരു കടുക് മണിത്തൂക്കം പോലും ഇനിയില്ലെന്ന് നബി -ﷺ- ഓർമ്മപ്പെടുത്തുന്നു.