ഒരു രാത്രിയിൽ സ്വഹാബികൾ നബി -ﷺ- യോടൊപ്പമായിരുന്നു. അന്ന് പൂർണ്ണചന്ദ്രനുള്ള, പതിനാലാം രാവായിരുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: തീർച്ചയായും അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവർ അവരുടെ രക്ഷിതാവിനെ തങ്ങളുടെ നഗ്നനേത്രങ്ങൾ കൊണ്ട് -യാതൊരു അവ്യക്തതയുമില്ലാത്ത വിധത്തിൽ- കാണുന്നതാണ്. ആ കാഴ്ചയുടെ വേളയിൽ അവർക്ക് തിരക്കു കൂട്ടേണ്ടി വരികയോ പ്രയാസം ബാധിക്കുകയോ കാഠിന്യം ഉണ്ടാവുകയോ ഒന്നുമില്ല. ശേഷം നബി -ﷺ- പറഞ്ഞു: സുബ്ഹി നിസ്കാരത്തിൽ നിന്നും, അസ്വർ നിസ്കാരത്തിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും നിങ്ങൾക്ക് അകൽച്ച പാലിക്കാൻ സാധിക്കുമെങ്കിൽ അപ്രകാരം ചെയ്തു കൊള്ളുക. ഈ രണ്ട് നിസ്കാരങ്ങളും അവയുടെ കൃത്യമായ സമയത്ത് തന്നെ ജമാഅത്തായി നിർവ്വഹിക്കുക. അല്ലാഹുവിൻ്റെ മുഖം ദർശിക്കാൻ സഹായിക്കുന്ന കാരണങ്ങളിൽ പെട്ടതാണ് അത്. ഇത്രയും പറഞ്ഞതിന് ശേഷം നബി -ﷺ- ഖുർആനിലെ ഒരു വചനം പാരായണം ചെയ്തു: "സൂര്യൻ ഉദിക്കുന്നതിന് മുൻപും അസ്തമിക്കുന്നതിന് മുൻപും നീ നിൻ്റെ റബ്ബിനെ സ്തുതിച്ചു കൊണ്ട് അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക."