നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് തൻ്റെ അടിമകളുടെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതി പറഞ്ഞു.അവർ കളവ് പറയുകയും, വിശ്വസിച്ചേൽപ്പിക്കുന്ന കാര്യങ്ങളിൽ വഞ്ചന കാണിക്കുകയും ഇടപാടുകളിൽ കള്ളത്തരം കാണിക്കുകയും, തൻ്റെ കൽപനകൾ ധിക്കരിക്കുകയും ചെയ്യുന്നു. അദ്ദേഹമാകട്ടെ അവരെ ചീത്ത പറയുകയും മര്യാദ പഠിപ്പിക്കുന്നതിനായി അവരെ അടിക്കുകയും ചെയ്യാറുണ്ട്. അപ്പോൾ ഖിയാമത്ത് നാളിൽ അവരുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ തൻ്റെ അവസ്ഥ എന്തായിരിക്കും ? എന്നതായിരുന്നു അയാളുടെ ചേദ്യം. നബി -ﷺ- പറഞ്ഞു: "നിന്നെ വഞ്ചിച്ചതും ധിക്കരിച്ചതും നിന്നോട് കളവു പറഞ്ഞതും, നീ അവരെ ശിക്ഷിച്ചതും കണക്കെടുക്കപ്പെടുന്നതാണ്. ശിക്ഷയുടെ അളവും അവരുടെ തെറ്റുകളുടെ അളവും തുല്യമാണെങ്കിൽ നിനക്ക് പ്രതിഫലമോ ശിക്ഷയോ ഉണ്ടാവുകയില്ല. നിൻ്റെ ശിക്ഷയുടെ അളവ് അവരുടെ തിന്മകളേക്കാൾ കുറവാണെങ്കിൽ നിനക്ക് അധികമുള്ളതിന് പ്രതിഫലം നൽകപ്പെടുന്നതാണ്. ഇനി നിൻ്റെ ശിക്ഷയാണ് അവരുടെ തിന്മകളേക്കാൾ കൂടുതൽ എങ്കിൽ നിനക്ക് അല്ലാഹുവിങ്കൽ ശിക്ഷയുണ്ടായിരിക്കും. അധികമായി നൽകിയ ശിക്ഷക്ക് പകരമായി നിൻ്റെ നന്മകൾ അവർക്ക് നൽകപ്പെടും." ഇത് കേട്ടതോടെ ഈ മനുഷ്യൻ മാറിനിന്ന് കരയാൻ തുടങ്ങി; അയാളുടെ ശബ്ദം ഉയരുന്നുണ്ടായിരുന്നു. അപ്പോൾ നബി -ﷺ- അയാളോട് ചോദിച്ചു: "അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ ഈ വചനം നീ പാരായണം ചെയ്തിട്ടില്ലേ? "ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മ്മം) ഒരു കടുകുമണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ട് വരുന്നതാണ്. കണക്ക് നോക്കുവാന്‍ നാം തന്നെ മതി." അതിനാൽ അന്ത്യനാളിൽ ഒരാളോടും അനീതി കാണിക്കപ്പെടുന്നതല്ല. മനുഷ്യർക്കിടയിൽ അളന്നു തൂക്കപ്പെടുന്ന തുലാസ് നീതിപൂർവ്വകമായിരിക്കും." ഇത് കേട്ടപ്പോൾ അയാൾ പറഞ്ഞു: "അല്ലാഹു സത്യം! അല്ലാഹുവിൻ്റെ റസൂലേ! അവരെ പിരിയുകയും ഉപേക്ഷിക്കുകയും ചെയ്യുക എന്നതിനേക്കാൾ നല്ല ഒരു കാര്യം എനിക്കോ അവർക്കോ ഞാൻ കാണുന്നില്ല. അതിനാൽ പരലോക വിചാരണയെയും ശിക്ഷയെയും ഭയപ്പെട്ടു കൊണ്ടും അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിച്ചു കൊണ്ടും -അങ്ങയെ സാക്ഷിയാക്കി കൊണ്ട്- ഞാനവരെ സ്വതന്ത്രരാക്കുന്നു."