പ്രാർത്ഥനകൾ എന്തെങ്കിലുമൊരു കാര്യത്തിനോട് ബന്ധിപ്പിച്ചു പറയുന്നത് നബി -ﷺ- വിലക്കുന്നു; അത് അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിനോട് ചേർത്തു കൊണ്ടാണെങ്കിലും പാടില്ല. അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ ഒരാൾക്ക് അവൻ പൊറുത്തു നൽകില്ലെന്നത് ഒരു സംശയവുമില്ലാത്ത യാഥാർത്ഥ്യമാണെന്നിരിക്കെ, അവൻ ഉദ്ദേശിച്ചാൽ എനിക്ക് പൊറുത്തു തരട്ടെ എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ല. തൻ്റെ സ്വന്തം ഉദ്ദേശ്യമോ താൽപ്പര്യമോ ഇല്ലാതെ, മറ്റൊരാളുടെ നിർബന്ധത്തിന് വഴങ്ങാൻ സാധ്യതയുള്ള ഒരാളുടെ കാര്യത്തിൽ മാത്രമേ ഇത്തരമൊരു വാക്കിന് പ്രസക്തിയുള്ളൂ; അല്ലാഹുവാകട്ടെ, അതിൽ നിന്ന് സമ്പൂർണ്ണമായും പരിശുദ്ധനാണ്. അതു കൊണ്ടാണ് 'അല്ലാഹുവിൻ്റെ മേൽ നിർബന്ധം ചെലുത്താൻ ആരുമില്ല' എന്ന് നബി -ﷺ- ഹദീഥിൻ്റെ അവസാനത്തിൽ പ്രത്യേകം ഊന്നിപ്പറഞ്ഞത്. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം, അവൻ നൽകുന്ന എന്തെങ്കിലുമൊരു കാര്യം അവന് ഭീമമായതോ, പ്രയാസകരമോ അസാധ്യമായതോ ആയില്ല. 'നീ ഉദ്ദേശിച്ചാൽ ചെയ്യണം' എന്ന് പറയാൻ പാടില്ലെന്നതിന് ഈയൊരു കാരണവുമുണ്ട്. 'നീ ഉദ്ദേശിച്ചാൽ പൊറുത്തു തരൂ' എന്നു പറയുന്നതിൽ പ്രാർത്ഥിക്കുന്നവന് അല്ലാഹുവിൻ്റെ പാപമോചനം കിട്ടിയില്ലെങ്കിലും പ്രശ്നമില്ല എന്ന ധ്വനിയുമുണ്ട്. ഒരു ദുർബലനോടോ, നിനക്ക് പ്രത്യേകിച്ച് ആവശ്യമൊന്നുമില്ലാത്ത ഒരുവനോടോ ആയിരുന്നെങ്കിൽ ഈ വാക്കിന് സാംഗത്യമുണ്ടാകുമായിരുന്നു. എന്നാൽ, സർവ്വശക്തനായ അല്ലാഹുവിനോട് എല്ലാ നിലക്കും ആവശ്യക്കാരനായ മനുഷ്യൻ അപ്രകാരം പറയുന്നത് ശരിയല്ല. അവൻ തൻ്റെ തേട്ടം വളരെ ആവശ്യത്തോടെ ചോദിക്കുക തന്നെ വേണം. കഠിനമായ ആവശ്യമുള്ള പരമദരിദ്രനായ ഒരുവൻ്റെ തേട്ടമാണ് അല്ലാഹുവിനോട് അവൻ നടത്തേണ്ടത്. അല്ലാഹുവിലേക്ക് അഭയം തേടാൻ അവൻ എന്തു കൊണ്ടും ആവശ്യക്കാരനാണ്. കാരണം അല്ലാഹു സമ്പൂർണ്ണ ധന്യതയുള്ളവനും എല്ലാത്തിനും കഴിവുള്ളവനുമാകുന്നു.