മുസ്‌ലിമായ ഒരു മനുഷ്യൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും അവനോട് തൻ്റെ ആവശ്യം തേടുകയും -അതിൽ എന്തെങ്കിലും തിന്മയോ അതിക്രമമോ അനീതിയോ എളുപ്പമാക്കി തരാൻ വേണ്ടിയുള്ള ചോദ്യമോ, തൻ്റെ മക്കൾക്കോ കുടുംബത്തിനോ എതിരെ പ്രാർത്ഥിച്ചു കൊണ്ടുള്ള ബന്ധവിഛേദനമോ ഇല്ലാത്തിടത്തോളം- അല്ലാഹു അവൻ്റെ പ്രാർത്ഥനക്ക് മൂന്നാലൊരു കാര്യം നൽകുന്നതാണ്. ഒന്നുകിൽ, അവൻ്റെ പ്രാർത്ഥനക്ക് ഉടനെ ഉത്തരം നൽകുകയും, അവൻ ചോദിച്ച കാര്യം അവന് നൽകുകയും ചെയ്യും. അല്ലെങ്കിൽ, അന്ത്യനാളിൽ അവൻ്റെ പദവികൾ ഉന്നതമാകുന്നതിനും അല്ലാഹുവിൽ നിന്നുള്ള കാരുണ്യവും പാപമോചനവുമായി ഈ പ്രാർത്ഥനയുടെ പ്രതിഫലം പരലോകത്തേക്ക് നീട്ടിവെക്കും. അതുമല്ലെങ്കിൽ, അവൻ്റെ പ്രാർത്ഥനക്ക് തുല്യമായ വിധത്തിലുള്ള ഒരു പ്രയാസം ഇഹലോകത്ത് അവനെ ബാധിക്കാതെ തടുത്തു വെക്കും. അപ്പോൾ സ്വഹാബികൾ ചോദിച്ചു: "എങ്കിൽ ഞങ്ങൾ പ്രാർത്ഥന അധികരിപ്പിക്കട്ടെയോ; എങ്കിൽ ഞങ്ങൾക്ക് ഈ പുണ്യങ്ങളിൽ ഏതെങ്കിലുമൊന്ന് ലഭിക്കുമല്ലോ?!" നബി (ﷺ) പറഞ്ഞു: "നിങ്ങൾ ചോദിക്കുന്നതിനേക്കാൾ അധികവും മഹത്തരവുമായതാണ് അല്ലാഹുവിങ്കലുള്ളത്. അവൻ്റെ ദാനം ഒരിക്കലും തീർന്നു പോവുകയോ അവസാനിക്കുകയോ ഇല്ല."