ഹസൻ (رحمه الله) പറയുന്നു: ജുൻദുബ് ബ്നു അബ്ദില്ല (رضي الله عنه) നമ്മോട് ഈ മസ്ജിദിൽ വെച്ച് പറയുകയുണ്ടായ ആ കാര്യം; അദ്ദേഹം നമ്മോട് അത് പറഞ്ഞതിന് ശേഷം നാമത് മറന്നിട്ടില്ല. നബി (ﷺ) യുടെ മേൽ ജുൻദുബ് (رضي الله عنه) കളവ് പറയുമെന്ന യാതൊരു ആശങ്കയും നമുക്കില്ല താനും. അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "നിങ്ങളുടെ മുൻപുള്ള ജനങ്ങളിൽ പെട്ട ഒരു മനുഷ്യൻ; അയാൾക്ക് ഒരു മുറിവുണ്ടായിരുന്നു. അങ്ങനെ കടുത്ത നിരാശ ബാധിച്ച ആ മനുഷ്യൻ ഒരു കത്തിയെടുത്ത് തൻ്റെ കൈ മുറിച്ചു കളഞ്ഞു. രക്തം നിലക്കാതെ അയാൾ അവസാനം മരിക്കുകയും ചെയ്തു. (അയാളുടെ ഈ പ്രവർത്തിയെ കുറിച്ച്) അല്ലാഹു പറഞ്ഞു: തൻ്റെ ജീവൻ്റെ കാര്യത്തിൽ എൻ്റെ അടിമ എന്നോട് ധൃതി കാണിച്ചിരിക്കുന്നു. അവന് ഞാൻ സ്വർഗം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു." صحيح - متفق عليه
explain-icon

വിശദീകരണം

നമുക്ക് മുൻപുള്ള ജനതയിൽ പെട്ട ഒരു മനുഷ്യൻ്റെ ചരിത്രമാണ് നബി (ﷺ) ഈ ഹദീഥിൽ വിവരിക്കുന്നത്. അയാൾക്ക് ഒരു മുറിവ് ഉണ്ടാവുകയും, അതിൽ അയാൾ വെപ്രാളം കാണിക്കുകയുംചെയ്തു. തൻ്റെ വേദനയിൽ ക്ഷമിക്കാതെ ഒരു കത്തിയെടുത്ത് അയാൾ തൻ്റെ കൈ മുറിച്ചു. അങ്ങനെ രക്തം നിലക്കാതെ ആ മനുഷ്യൻ മരിക്കുകയുണ്ടായി. അല്ലാഹു അയാളെ കുറിച്ച് പറഞ്ഞിരിക്കുന്നു: "എൻ്റെ ദാസൻ തൻ്റെ ജീവൻ്റെ കാര്യത്തിൽ എന്നോട് ധൃതി കാണിച്ചിരിക്കുന്നു. ഞാൻ അവന് മേൽ സ്വർഗം നിഷിദ്ധമാക്കിയിരിക്കുന്നു."

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • പ്രയാസങ്ങളിലും ദുരിതങ്ങളിലും ക്ഷമിക്കുന്നതിൻ്റെ ശ്രേഷ്ഠതയും, വേദനകൾ സംഭവിക്കുമ്പോൾ അതിനേക്കാൾ വലിയ പാരത്രിക വേദന ഓർത്തു കൊണ്ട്, നിലവിലെ സ്ഥിതിയിൽ അരിശവും അസന്തുഷ്ടിയും കാണിക്കാതിരിക്കണമെന്ന ഓർമ്മപ്പെടുത്തലും.
  • ഉപകാരപ്രദവും ഗുണപാഠം ഉൾക്കൊള്ളുന്നതുമായ, കഴിഞ്ഞകാല ജനതകളുടെ ചരിത്രങ്ങൾ വിവരിക്കുക എന്നത് നബി (ﷺ) യുടെ രീതിയാണ്.
  • ഇബ്നു ഹജർ (رحمه الله) പറയുന്നു: "അല്ലാഹുവിൻ്റെ അവകാശങ്ങളും അവന് തൻ്റെ സൃഷ്ടികളോടുള്ള കാരുണ്യവും മനസ്സിലാക്കാൻ സഹായിക്കുന്ന ഹദീഥാണിത്. മനുഷ്യരുടെ ജീവൻ സ്വയം ഹനിക്കുന്നത് അവൻ നിഷിദ്ധമാക്കിയിരിക്കുന്നു. അവരുടെ ജീവൻ അല്ലാഹുവിൻ്റെ ഉടമസ്ഥതയിൽ പെട്ടതാണ്."
  • സ്വന്തം ജീവൻ നശിപ്പിക്കാൻ കാരണമാകുന്ന പ്രവർത്തികൾ നിഷിദ്ധമാണ്. അക്കാര്യം ശക്തമായി താക്കീത് ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു.
  • ഇബ്നു ഹജർ (رحمه الله) പറയുന്നു: "മരണം ഉദ്ദേശിച്ചു കൊണ്ടാണ് ആ മനുഷ്യൻ തൻ്റെ കൈ മുറിച്ചത്. മിക്കവാറും ഉപകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ നിർവ്വഹിക്കുന്ന ചികിത്സയായിരുന്നില്ല അയാളുടെ പ്രവർത്തിക്ക് പിന്നിൽ."