അബൂ ദർറ് ജുൻദുബ് ഇബ്നു ജുനാദ, (رضي الله عنه) അബൂ അബ്ദിറഹ്മാൻ മുആദ് ഇബ്നു ജബൽ (رضي الله عنه) എന്നിവരിൽ നിന്നും നിവേദനം: നബി (ﷺ) പറഞ്ഞു: "നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. ഒരു തിന്മ ചെയ്താൽ ഉടനെ ഒരു നന്മ ചെയ്യുക; അത് ആ തിന്മയെ മായ്ച്ചുകളയും. ജനങ്ങളോട് നല്ല സ്വഭാവത്തിൽ പെരുമാറുകയും ചെയ്യുക." قال الترمذي: حديث حسن - رواه الترمذي
explain-icon

വിശദീകരണം

നബി (ﷺ) ഈ ഹദീഥിൽ മൂന്ന് കാര്യങ്ങളാണ് കൽപ്പിച്ചിട്ടുള്ളത്: ഒന്നാമത്തേത്: അല്ലാഹുവിനെ സൂക്ഷിക്കുക (തഖ്‌വ പാലിക്കുക) എന്നതാണ്. എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും ഏതവസ്ഥയിലാണെങ്കിലും -രഹസ്യത്തിലും പരസ്യത്തിലും, സൗഖ്യത്തിലും പരീക്ഷണത്തിലും- അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ പ്രവർത്തിച്ചു കൊണ്ടും, അവൻ നിഷിദ്ധമാക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടുമാണ് തഖ്‌വ കാത്തുസൂക്ഷിക്കേണ്ടത്. രണ്ടാമത്തേത്: ഒരു തിന്മയിൽ നീ വീണുപോയാൽ -ഉടൻ തന്നെ നിസ്‌കാരമോ, ദാനധർമ്മമോ, പരോപകാരമോ, ബന്ധം ചേർക്കലോ, പശ്ചാത്താപമോ പോലുള്ള- എന്തെങ്കിലും ഒരു നന്മ ചെയ്യുക. ഈ നന്മ മുൻപ് സംഭവിച്ച തിന്മയെ മായ്ച്ചുകളയുന്നതാണ്. മൂന്നാമത്തേത്: ജനങ്ങളോട് നല്ല സ്വഭാവത്തിൽ വർത്തിക്കുക. അവരെ പുഞ്ചിരിച്ചു കൊണ്ട് അഭിമുഖീകരിക്കുന്നതും, സൗമ്യതയും വിനയവും കാത്തുസൂക്ഷിക്കുന്നതും, അവർക്ക് സഹായം ചെയ്യുന്നതും, അവരെ ഉപദ്രവിക്കാതിരിക്കുന്നതുമെല്ലാം ഇതിൽ പെടുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • തൻ്റെ അടിമകളോട് കരുണ കാണിക്കുന്നതിലും അവരുടെ തിന്മകൾ പൊറുത്തു നൽകുന്നതിലും അവർക്ക് മാപ്പ് നൽകുന്നതിലുമെല്ലാമുള്ള അല്ലാഹുവിൻ്റെ അപാരമായ ഔദാര്യം.
  • ഈ ഹദീസിൽ മൂന്ന് ബാധ്യതകൾ ഉൾക്കൊണ്ടിരിക്കുന്നു: 1-അല്ലാഹുവിനോടുള്ള ബാധ്യത - ജീവിതത്തിൽ തഖ്‌വ പാലിച്ചു കൊണ്ടാണ് അത് നിറവേറ്റേണ്ടത്. 2- സ്വന്തത്തോട് തന്നെയുള്ള ബാധ്യത - തിന്മകൾ സംഭവിച്ചാൽ നന്മകളിലൂടെയാണ് അത് നിറവേറ്റേണ്ടത്. 3- ജനങ്ങളോടുള്ള ബാധ്യത - നല്ല സ്വഭാവത്തിൽ പെരുമാറുന്നതിലൂടെയാണ് അത് പൂർത്തീകരിക്കേണ്ടത്.
  • തിന്മകൾ സംഭവിച്ചു പോയാൽ ശേഷം നന്മകൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ഹദീഥാണിത്. നല്ല സ്വഭാവം തഖ്‌വയിൽ പെട്ടതു തന്നെയാണെങ്കിലും, തഖ്‌വയെ കുറിച്ച് ആദ്യം പറഞ്ഞതിന് ശേഷം പിന്നീട് സൽസ്വഭാവം പ്രത്യേകം എടുത്തു പറഞ്ഞത് അതിൻ്റെ പ്രാധാന്യം വ്യക്തമാക്കാൻ വേണ്ടിയാണ്.
explain-icon

കൂടുതൽ