നബി -ﷺ- തന്റെ മസ്ജിദിൽ സ്വഹാബികളോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു ഗ്രാമീണൻ വന്നു, മസ്ജിദിന്റെ ഒരു ഭാഗത്ത് മൂത്രമൊഴിക്കാൻ ഇരുന്നു. അപ്പോൾ സ്വഹാബികൾ അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു: "നിർത്തൂ! നീ ചെയ്യുന്ന ഈ കാര്യം നിർത്തി വെക്കൂ!" അപ്പോൾ നബി -ﷺ- പറഞ്ഞു: "അയാളെ വിട്ടേക്കുക! അയാൾ മൂത്രമൊഴിക്കുന്നത് ഇടയിൽ വെച്ച് മുറിക്കരുത്." അങ്ങനെ അവർ അയാളെ മൂത്രമൊഴിച്ച് തീരുന്നതു വരെ വിട്ടു. പിന്നീട് നബി -ﷺ- അയാളെ വിളിച്ച് കൊണ്ട് പറഞ്ഞു: "തീർച്ചയായും ഈ പള്ളികൾ ഈ മൂത്രത്തിനോ മറ്റ് അഴുക്കുകൾക്കോ യോജിച്ചതല്ല. അവ അല്ലാഹുവിനെ സ്മരിക്കുന്നതിനും നിസ്കരിക്കുന്നതിനും ഖുർആൻ പാരായണം ചെയ്യുന്നതിനും മറ്റും മാത്രമുള്ളതാണ്." പിന്നീട് നബി -ﷺ- സ്വഹാബികളിൽ നിന്ന് ഒരാളോട് കൽപ്പിച്ചതു പ്രകാരം, അദ്ദേഹം ഒരു ബക്കറ്റ് നിറയെ വെള്ളവുമായി വന്ന് മൂത്രത്തിന്മേൽ ആ വെള്ളം ഒഴിച്ചു.