നബി -ﷺ- മദീനയിലേക്ക് വന്നപ്പോൾ ജനങ്ങൾ അവിടുത്തെ കാണുന്നതിനായി ധൃതിപ്പെട്ട് വന്നു. അബ്ദുല്ലാഹി ബ്നു സലാം -رَضِيَ اللَّهُ عَنْهُ- വും അക്കൂട്ടത്തിലുണ്ടായിരുന്നു; അദ്ദേഹം ഒരു യഹൂദനായിരുന്നു. നബി -ﷺ- യെ കണ്ടപ്പോൾ അവിടുത്തെ മുഖം കളവു പറയുന്ന ഒരാളുടെ മുഖമല്ല എന്ന് അദ്ദേഹത്തിന് ഉടനെ തിരിച്ചറിയാൻ സാധിച്ചു. കാരണം നബി -ﷺ- യുടെ മുഖത്ത് പ്രകടമായിരുന്ന പ്രകാശവും ഗാംഭീര്യവും ഭംഗിയും അപ്രകാരമായിരുന്നു. നബി -ﷺ- പറയുന്നതായി അദ്ദേഹം ആദ്യം കേട്ട കാര്യം സ്വർഗപ്രവേശനത്തിന് കാരണമാകുന്ന ചില പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനവും പ്രേരണയുമായിരുന്നു. അവിടുന്ന് പറഞ്ഞ കാര്യങ്ങൾ ഇവയായിരുന്നു: ഒന്ന്: ഇസ്‌ലാമികമായ അഭിവാദ്യം -സലാം പറയൽ- വ്യാപിപ്പിക്കുകയും, പ്രകടമാക്കുകയും, അറിയുന്നവരോടും അറിയാത്തവരോടുമെല്ലാം സലാം പറയുകയും ചെയ്യുക. രണ്ട്: ദാനധർമ്മമായും സമ്മാനമായും അതിഥേയത്വത്തിൻ്റെ ഭാഗമായും ഭക്ഷണം നൽകുക. മൂന്ന്: പിതാവിൻ്റെയോ മാതാവിൻ്റെയോ ബന്ധങ്ങളിൽ പെട്ട കുടുംബങ്ങളുമായി ബന്ധം ചേർക്കുക. നാല്: രാത്രിയിൽ ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ എഴുന്നേറ്റ് രാത്രി നിസ്കാരം നിർവ്വഹിക്കുക.