ഹജ്ജതുൽ വദാഇൽ, അറഫഃ ദിവസം നബി -ﷺ- ഒരു പ്രഭാഷണം നടത്തുകയുണ്ടായി. ഹിജ്റ പത്താം വർഷത്തിലായിരുന്നു അത്. നബി -ﷺ- ജനങ്ങളോട് വിടവാങ്ങൽ നടത്തിയ ഹജ്ജായതിനാലാണ് ഹജ്ജതുൽ വദാഅ് എന്ന് അതിന് പേര് വന്നത്. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചൂ കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കണമെന്നും, രാവിലെയും രാത്രിയിലുമായി നിർവ്വഹിക്കണമെന്ന് അല്ലാഹു നിർബന്ധമാക്കിയിട്ടുള്ള അഞ്ചു നേരത്തെ നിസ്കാരങ്ങൾ നിർവ്വഹിക്കണമെന്നും അവിടുന്ന് അവരോട് കൽപ്പിച്ചു. റമദാൻ മാസത്തിലെ നോമ്പ് അനുഷ്ഠിക്കാനും, തങ്ങളുടെ സമ്പത്തിൽ നിന്നുള്ള സകാത്ത് അതിന് അർഹതപ്പെട്ടവർക്ക് നൽകാനും, അതിൽ പിശുക്ക് കാണിക്കാതിരിക്കാനും അല്ലാഹു അവരുടെ ഭരണകാര്യങ്ങൾ ഏൽപ്പിച്ചു നൽകിയിട്ടുള്ളവരെ -അല്ലാഹുവിനെ ധിക്കരിക്കുക എന്നതിലൊഴികെ- അനുസരിക്കാനും അവിടുന്ന് അവരോട് കൽപ്പിച്ചു. ഈ പറയപ്പെട്ട കാര്യങ്ങൾ ഒരാൾ പ്രവർത്തിച്ചാൽ അവന് സ്വർഗപ്രവേശനം പ്രതിഫലമായി ലഭിക്കുമെന്നും നബി -ﷺ- അറിയിച്ചു.