നബി (ﷺ) ഒരു സൈന്യത്തെ നിയോഗിക്കുകയും, അൻസ്വാരികളിൽ പെട്ട ഒരാളെ അവർക്ക് നേതാവായി നിയമിക്കുകയും, അദ്ദേഹത്തെ അനുസരിക്കാൻ അവരോട് കൽപ്പിക്കുകയും ചെയ്തു. യാത്രക്കിടയിൽ ആ നേതാവിന് തൻ്റെ കീഴിലുള്ളവരോട് കോപം വന്നപ്പോൾ അദ്ദേഹം അവരോട് ചോദിച്ചു: "നിങ്ങൾ എന്നെ അനുസരിക്കണമെന്ന് നബി (ﷺ) കൽപ്പിച്ചിട്ടില്ലേ?" അവർ പറഞ്ഞു: "അതെ." അദ്ദേഹം പറഞ്ഞു: "എങ്കിൽ ഞാൻ നിങ്ങളോട് വിറക് ശേഖരിക്കാനും തീ കത്തിക്കാനും എന്നിട്ട് അതിൽ പ്രവേശിക്കാനും കൽപ്പിക്കുന്നു." അപ്പോൾ അവർ വിറക് ശേഖരിക്കുകയും തീ കത്തിക്കുകയും ചെയ്തു. എന്നാൽ തീയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങിയപ്പോൾ അവർ അന്യോന്യം നോക്കാൻ തുടങ്ങി. അവർ പറഞ്ഞു: "നരകത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയല്ലേ നമ്മൾ നബിയെ (ﷺ) പിന്തുടർന്നത്; എന്നിട്ടും നമ്മൾ അതിൽ പ്രവേശിക്കണമോ?" അവർ അങ്ങനെ നിൽക്കുമ്പോൾ തീയുടെ ജ്വാല കെട്ടടങ്ങുകയും നേതാവിന്റെ കോപം ശമിക്കുകയും ചെയ്തു. ഈ വിവരം നബിയെ (ﷺ) അറിയിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: അവർ അദ്ദേഹത്തെ അനുസരിക്കുകയും അവർ കത്തിച്ച തീയിൽ പ്രവേശിക്കുകയും ചെയ്തിരുന്നുവെങ്കിൽ, ദുനിയാവ് നിലനിൽക്കുന്ന കാലത്തോളം അവർ അതിൽ ശിക്ഷിക്കപ്പെടുമായിരുന്നു; അതിൽ നിന്ന് പുറത്തുവരാൻ അവർക്ക് കഴിയുമായിരുന്നില്ല.അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ട് ഒരു സൃഷ്ടിയോടും അനുസരണമില്ല. അനുസരണം നന്മയിൽ മാത്രമാണ്, തിന്മയിലല്ല.