നബി -ﷺ- യോടൊപ്പം ഭക്ഷണത്തിന് കൂടിയിരുന്നാൽ സ്വഹാബികളിൽ ആരും ഭക്ഷണത്തിലേക്ക് കൈനീട്ടുമായിരുന്നില്ല; നബി -ﷺ- തൻ്റെ കൈകൾ ഭക്ഷണത്തളികയിൽ വെക്കുന്നത് വരെ. ഒരിക്കൽ അവിടുത്തോടൊപ്പം ഭക്ഷണത്തിന് കൂടിയിരുന്നപ്പോൾ ഒരു പെൺകുട്ടി നബി -ﷺ- യുടെ അടുത്തേക്ക് ആരോ തള്ളി വിട്ടതു പോലെ ഓടിവരുകയും, തൻ്റെ കൈകൾ ഭക്ഷണത്തളികയിലേക്ക് പ്രവേശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ നബി -ﷺ- ആ കുട്ടിയുടെ കൈ പിടിച്ചു വെച്ചു. ഗ്രാമീണ അറബികളിൽ പെട്ട ഒരു അഅ്റാബിയും അതിന് ശേഷം ഇതു പോലെ പാത്രത്തളികയിലേക്ക് കൈ നീട്ടി; അയാളുടെ കയ്യും നബി -ﷺ- ഭക്ഷണം സ്പർശിക്കുന്നതിന് മുൻപ് പിടിച്ചു വെച്ചു. ശേഷം നബി -ﷺ- പറഞ്ഞു: അല്ലാഹുവിനെ സ്മരിക്കാതെ ഒരാൾ ഭക്ഷണം കഴിക്കാൻ ആരംഭിച്ചാൽ പിശാചിന് ആ ഭക്ഷണം കഴിക്കാൻ സാധിക്കുന്നതാണ്; ഈ പെൺകുട്ടിയെ പിശാച് പറഞ്ഞയച്ചത് ഈ ഭക്ഷണത്തിൽ നിന്ന് അവന് കഴിക്കുന്നതിന് വേണ്ടിയാണ്; അതു കൊണ്ടാണ് അവളുടെ കൈ ഞാൻ പിടിച്ചു വെച്ചത്. പിന്നീട് ഈ അഅ്റാബിയിലൂടെ ഭക്ഷണം കൈക്കലാക്കാൻ അവൻ ശ്രമിച്ചു; അതുകൊണ്ടാണ് അയാളുടെ കയ്യും ഞാൻ പിടിച്ചു വെച്ചത്. അല്ലാഹു തന്നെ സത്യം! അവളുടെ കയ്യിനോടൊപ്പം പിശാചിൻ്റെ കൈ എൻ്റെ കയ്യിനുള്ളിലുണ്ട്. ശേഷം നബി -ﷺ- അല്ലാഹുവിൻ്റെ നാമം സ്മരിച്ചു കൊണ്ട് ഭക്ഷണം കഴിച്ചു തുടങ്ങി.