ഒരു പുരുഷൻ മറ്റൊരു പുരുഷൻ്റെ ഔറത്തിലേക്കോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ഔറത്തിലേക്കോ നോക്കുന്നത് നബി -ﷺ- ഈ ഹദീഥിൽ വിലക്കുന്നു. പുറത്ത് കാണുന്നതിൽ ഒരാൾക്ക് ലജ്ജയുണ്ടാകേണ്ട ശരീര ഭാഗങ്ങളാണ് ഔറത്ത്. പുരുഷൻ്റെ ഔറത്ത് പൊക്കിളിനും കാൽ മുട്ടിനും ഇടയിലുള്ള ഭാഗങ്ങളാണ്. അന്യപുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ ശരീരം മുഴുവൻ ഔറാത്താണ്; അവർ മുഴുവനായി മറച്ചിരിക്കണം. എന്നാൽ മറ്റു സ്ത്രീകൾക്ക് മുൻപിലും വിവാഹബന്ധം നിഷിദ്ധമായ മഹ്റമുകൾക്ക് മുൻപിലും അവർ മറച്ചിരിക്കേണ്ടത് വീട്ടിൽ ജോലി ചെയ്യുമ്പോഴും മറ്റും പൊതുവെ മറക്കാറുള്ള ഭാഗങ്ങൾ മാത്രമാണ്. ഒരു പുരുഷൻ മറ്റൊരു പുരുഷനോടൊപ്പം ഒരേ വസ്ത്രത്തിലോ ഒരേ വിരിപ്പിന് കീഴിലോ നഗ്നരായി കിടക്കുന്നതും, സ്ത്രീകൾ ഒരേ വസ്ത്രത്തിലോ ഒരേ പുതപ്പിന് കീഴിലോ വിവസ്ത്രരായോ കിടക്കുന്നതും വിലക്കിയതിന് പിന്നിലെ കാരണം വ്യക്തമാണ്. അവർ തമ്മിൽ ഔറത്തുകൾ സ്പർശിക്കാൻ അത് കാരണമാകും. ഔറത്ത് സ്പർശിക്കുക എന്നത് അതിലേക്ക് നോക്കുന്നത് പോലെ തന്നെ നിഷിദ്ധമാണ്; അല്ല! അതിനേക്കാൾ ഗുരുതരമാണ്. കാരണം അനേകം തിന്മകളിലേക്ക് അത് നയിക്കുന്നതാണ്.