ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി അദ്ദേഹം കേട്ടു: "ഒരാൾ തൻ്റെ ഭവനത്തിൽ പ്രവേശിക്കുകയും, വീട്ടിൽ കയറുമ്പോഴും ഭക്ഷണം കഴിക്കുന്ന വേളയിലും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താൽ പിശാച് പറയും: നിങ്ങൾക്ക് (ഇവിടെ) രാപ്പാർക്കാനോ അത്താഴം കഴിക്കാനോ സാധ്യമല്ല. അവൻ തൻ്റെ ഭവനത്തിൽ പ്രവേശിക്കുമ്പോൾ വീട്ടിൽ കയറുന്ന വേളയിൽ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ പിശാച് പറയും: നിങ്ങൾക്ക് രാപ്പാർക്കാൻ സ്ഥലം ലഭിച്ചിരിക്കുന്നു. ഭക്ഷണത്തിൻ്റെ വേളയിൽ അവൻ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ പിശാച് പറയും: നിങ്ങൾക്ക് രാപ്പാർക്കാൻ ഇടവും, അത്താഴത്തിന് ഭക്ഷണവും ലഭിച്ചിരിക്കുന്നു." صحيح - رواه مسلم
explain-icon

വിശദീകരണം

വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിനെ സ്മരിക്കണമെന്ന് നബി -ﷺ- കൽപ്പിക്കുന്നു. ഒരാൾ ഇപ്രകാരം 'ബിസ്മില്ലാഹ്' (അല്ലാഹുവിൻ്റെ നാമത്തിൽ) എന്ന് പറഞ്ഞു കൊണ്ട് വീട്ടിൽ പ്രവേശിക്കുന്ന വേളയിലും ഭക്ഷണം കഴിക്കാൻ തുടങ്ങുന്ന വേളയിലും അല്ലാഹുവിനെ സ്മരിച്ചാൽ പിശാച് തൻ്റെ കൂട്ടാളികളോട് പറയും: നിങ്ങൾക്ക് ഇവിടെ രാപ്പാർക്കാനുള്ള അവസരമോ അത്താഴം ഭക്ഷിക്കാനുള്ള വഴിയോ ഇല്ല. കാരണം ഈ വീടിൻ്റെ ഉടമസ്ഥൻ അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് നിങ്ങളിൽ നിന്ന് അല്ലാഹുവിനോട് സംരക്ഷണം തേടിയിരിക്കുന്നു. എന്നാൽ ഒരാൾ തൻ്റെ ഭവനത്തിൽ പ്രവേശിക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ പിശാച് തൻ്റെ കൂട്ടാളികളോട് പറയും: നിങ്ങൾക്ക് ഈ വീട്ടിൽ രാപ്പാർക്കാനുള്ള സ്ഥലവും, അത്താഴത്തിനുള്ള ഭക്ഷണവും ലഭിച്ചിരിക്കുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിനെ സ്മരിക്കുക എന്നത് സുന്നത്താണ്. വീട്ടിലുള്ളവർ അല്ലാഹുവിനെ സ്മരിക്കുന്നില്ലെങ്കിൽ പിശാച് അവിടെ രാപ്പാർക്കുകയും, അവരുടെ ഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്യുന്നതാണ്.
  • മനുഷ്യൻ്റെ പ്രവർത്തനങ്ങളും നീക്കങ്ങളും എല്ലാ ചലനങ്ങളും പിശാച് സൂക്ഷ്മമായി വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്; അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് മനുഷ്യൻ അശ്രദ്ധനായാൽ തൻ്റെ ഉദ്ദേശ്യം അവനിൽ നിന്ന് പിശാച് നേടിയെടുക്കും.
  • അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ (ദിക്ർ) പിശാചിനെ അകറ്റുന്നതാണ്.
  • തങ്ങളുടെ നേതാവിൻ്റെ വാക്കുകളിൽ സന്തോഷിക്കുകയും, അവൻ്റെ കൽപ്പനകൾ പിൻപറ്റുകയും ചെയ്യുന്ന അനുയായികളും സഹായികളും എല്ലാ പിശാചുക്കൾക്കും ഉണ്ടായിരിക്കും.
explain-icon

കൂടുതൽ