മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധമായ ജിഹാദാണ് ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനം എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എങ്കിൽ ഞങ്ങൾ (സ്ത്രീകൾ) ജിഹാദ് ചെയ്യട്ടെയോ?" നബി -ﷺ- പറഞ്ഞു: "വേണ്ട! നിങ്ങൾക്ക് ഏറ്റവും ശ്രേഷ്ഠമായ ജിഹാദായി പുണ്യകരമായ ഹജ്ജുണ്ട്." صحيح - رواه البخاري
explain-icon

വിശദീകരണം

അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധവും ശത്രുക്കളോട് പടവെട്ടുന്നതുമായിരുന്നു സ്വഹാബികൾ ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനമായി മനസ്സിലാക്കിയിരുന്നത്. അതിനാൽ തങ്ങൾ സ്ത്രീകളും യുദ്ധത്തിൽ പങ്കെടുത്തു കൊള്ളട്ടെയോ എന്ന് നബി -ﷺ- യോട് ആഇശാ -رَضِيَ اللَّهُ عَنْهَا- ചോദിക്കുകയുണ്ടായി. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് ഖുർആനിനോടും സുന്നത്തിനോടും യോജിക്കുന്ന വിധത്തിൽ നിർവഹിക്കപ്പെട്ട, തിന്മകളിൽ നിന്നും ലോകമാന്യത്തിൽ നിന്നും മുക്തമായ ഹജ്ജാണ് എന്ന് നബി -ﷺ- അവർക്ക് പഠിപ്പിച്ചു നൽകുകയാണ് ചെയ്തത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • പുരുഷന്മാരുടെ കാര്യത്തിൽ ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനങ്ങളിൽ ഒന്നാണ് അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം (ജിഹാദ്).
  • സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഹജ്ജാണ് അവർക്ക് അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തേക്കാൾ ശ്രേഷ്ഠമായിട്ടുള്ളത്. അവരുടെ കാര്യത്തിൽ ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനങ്ങളിലൊന്നാണത്.
  • പ്രവർത്തിക്കുന്ന വ്യക്തികൾക്ക് അനുസരിച്ച് സൽകർമ്മങ്ങളുടെ ശ്രേഷ്ഠതകളിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നതാണ്.
  • ഹജ്ജിനെ ജിഹാദ് എന്ന് വിശേഷിപ്പിച്ചത് അതിൽ സ്വന്തം നഫ്സിനോടുള്ള ജിഹാദുണ്ട് എന്നത് കൊണ്ടാണ്. സമ്പത്ത് ചെലവഴിക്കുക, ശാരീരികമായി അധ്വാനം ചെലവഴിക്കുക എന്നീ രണ്ട് കാര്യങ്ങളും അതിലുണ്ട്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം ശാരീരികവും സാമ്പത്തികവുമായ ഇബാദത്താണെന്നത് പോലെ ഹജ്ജിലും ഈ രണ്ട് കാര്യങ്ങളും കാണാൻ സാധിക്കും.