അബൂ മൂസാ -رَضِيَ اللَّهُ عَنْهُ- നിവേദനം: "ഒരാൾ തന്റെ ധീരത തെളിയിക്കാൻ വേണ്ടി യുദ്ധം ചെയ്യുന്നു. വേറൊരാൾ കക്ഷിത്വത്തിനു വേണ്ടി യുദ്ധം ചെയ്യുന്നു. മറ്റൊരാൾ ആളെ കാണിക്കാനായി യുദ്ധം ചെയ്യുന്നു. ഇതിലേതാണ് അല്ലാഹുവിന്റെ മാർഗ്ഗത്തിലേതെന്ന് റസൂൽ (ﷺ) ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: "അല്ലാഹുവിന്റെ വചനം ഉന്നതമാക്കുന്നതിന് വേണ്ടി യുദ്ധം ചെയ്തവനാരോ അവൻ അല്ലാഹുവിന്റെ മാർഗത്തിലാകുന്നു." صحيح - متفق عليه
explain-icon

വിശദീകരണം

യുദ്ധം ചെയ്യുന്നവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ വരുന്ന വ്യത്യാസത്തെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു; ഒരാൾ ധൈര്യം പ്രകടിപ്പിക്കുന്നതിനു വേണ്ടിയും, മറ്റൊരാൾ തൻ്റെ ജനതയോടുള്ള വിഭാഗീയതയുടെ പേരിലും, ഇനിയൊരാൾ ജനങ്ങൾക്കിടയിൽ സ്ഥാനം ലഭിക്കുന്നതിനും വേണ്ടിയെല്ലാമാണ് യുദ്ധം ചെയ്യുന്നത്. ഇതിൽ ആരാണ് അല്ലാഹുവിൻ്റെ മാർഗത്തിലുള്ളത് എന്നായിരുന്നു ചോദ്യം. അല്ലാഹുവിൻ്റെ വചനം; അത് ഉന്നതമാവുക എന്ന ഉദ്ദേശ്യത്തോടെ യുദ്ധം ചെയ്യുന്ന വ്യക്തി ആരാണോ, അവനാണ് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന വ്യക്തി എന്ന് നബി -ﷺ- അറിയിക്കുകയും ചെയ്തു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • പ്രവർത്തനങ്ങൾ നന്നാവുന്നതിൻ്റെയും മോശമാകുന്നതിൻ്റെയും അടിസ്ഥാനം അതിൻ്റെ പിന്നിലുള്ള ഉദ്ദേശ്യവും (നിയ്യത്ത്) അല്ലാഹുവിന് വേണ്ടി മാത്രം അത് നിഷ്കളങ്കമാക്കുകയും ചെയ്യുക (ഇഖ്ലാസ്) എന്നതുമാണ്.
  • അല്ലാഹുവിൻ്റെ വചനം ഉന്നതമാവുക എന്ന ലക്ഷ്യമാണ് ഒരാൾ യുദ്ധം ചെയ്യുന്നതിൻ്റെ അടിസ്ഥാനലക്ഷ്യമെങ്കിൽ, അതിനോടൊപ്പം -യുദ്ധാർജിത സ്വത്ത് ശേഖരിക്കുക- എന്നത് പോലെ ഇസ്‌ലാമിൽ അനുവദിക്കപ്പെട്ട മറ്റു വല്ല ലക്ഷ്യവും കൂടെയുണ്ട് എങ്കിൽ അത് അവൻ്റെ അടിസ്ഥാന നിയ്യത്തിന് ദോഷം വരുത്തുകയില്ല.
  • ഇസ്‌ലാമിക രാജ്യത്തിൻ്റെ ശത്രുക്കളെ പ്രതിരോധിക്കുക, പവിത്രതകൾ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൻ്റെ പരിധിയിൽ പെടുന്നതാണ്.
  • അല്ലാഹുവിൻ്റെ വചനം ഉന്നതമാവുക എന്ന ലക്ഷ്യത്തോടെ യുദ്ധം ചെയ്യുന്നവർക്ക് മാത്രമേ ജിഹാദിൻ്റെ വിഷയത്തിൽ വന്നിട്ടുള്ള ശ്രേഷ്ഠതകൾ ലഭിക്കുകയുള്ളൂ. അവരുടെ കാര്യത്തിൽ മാത്രമേ ആ തെളിവുകൾ ബാധകമാവുകയുമുള്ളൂ.