അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: അവർ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. നബി -ﷺ- തന്റെ ആവശ്യങ്ങൾ നിർവഹിക്കാൻ പോയപ്പോൾ, സ്വഹാബികൾ ഒരു പക്ഷിയെയും അതിന്റെ രണ്ട് കുഞ്ഞുങ്ങളെയും കണ്ടു. അവർ കുഞ്ഞുങ്ങളെ എടുത്തു. അപ്പോൾ ആ പക്ഷി തന്റെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതിലുള്ള ദുഃഖത്താൽ ചിറകുകൾ വിരിച്ച് വിഷമിക്കാൻ തുടങ്ങി. നബി -ﷺ- തിരികെ വന്നപ്പോൾ അവിടുന്ന് ചോദിച്ചു: "ഈ പക്ഷിയെ അതിന്റെ കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് ദുഃഖിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തത് ആരാണ്?!" എന്നിട്ട് അവിടുന്ന് അതിൻ്റെ കുഞ്ഞുങ്ങളെ അതിന് തിരികെ നൽകാൻ കൽപ്പിച്ചു. മറ്റൊരിക്കൽ, തീ വെച്ചു കരിച്ച ഒരു ഉറുമ്പിൻ കൂട് കണ്ടപ്പോൾ നബി -ﷺ- ചോദിച്ചു: "ഇത് കത്തിച്ചത് ആരാണ്?" ചില സ്വഹാബികൾ പറഞ്ഞു: "ഞങ്ങളാണ്." അപ്പോൾ അവിടുന്ന് അവരോട് പറഞ്ഞു: "അഗ്നിയുടെ സ്രഷ്ടാവായ അല്ലാഹുവിനല്ലാതെ ഒരു ജീവിയെയും തീ കൊണ്ട് ശിക്ഷിക്കാൻ അനുവാദമില്ല."