ഫിത്നകളും ആശയക്കുഴപ്പങ്ങളും നിറഞ്ഞു നിൽക്കുന്ന ദിവസങ്ങൾ വന്നെത്തുകയും അങ്ങനെ നന്മകൾ പ്രവർത്തിക്കാൻ സാധിക്കാതെ വരുകയും ചെയ്യുന്ന ഒരു കാലം എത്തുന്നതിന് മുൻപ് സൽകർമങ്ങൾ അധികരിപ്പിക്കാനും അതിലേക്ക് ധൃതികൂട്ടാനും നബി -ﷺ- പ്രോത്സാഹനം നൽകുന്നു. ഫിത്‌നകൾ നിറഞ്ഞ ആ ദിനങ്ങൾ രാത്രിയുടെ കഷ്ണങ്ങൾ പോലെയുണ്ടായിരിക്കും; അന്നേ ദിവസം സത്യം അസത്യവുമായി കൂടിക്കലർന്നു കൊണ്ടായിരിക്കും ഉണ്ടാവുക. ജനങ്ങൾക്ക് സത്യവും അസത്യവും വേർതിരിച്ചു മനസ്സിലാക്കുന്നത് അന്ന് പ്രയാസകരമായിരിക്കും. അതിൻ്റെ കാഠിന്യത്താൽ ജനങ്ങൾ തങ്ങളുടെ വിശ്വാസത്തിൻ്റെ കാര്യത്തിൽ ആടിയുലഞ്ഞു കൊണ്ടിരിക്കും. ഒരാൾ രാവിലെ വിശ്വാസിയായി നേരംപുലരുകയും വൈകുന്നേരമെത്തുമ്പോൾ നിഷേധിയായി മാറുകയും, വൈകുന്നേരം വിശ്വാസിയായിരിക്കുകയും നേരംപുലരുമ്പോഴേക്ക് നിഷേധിയായി മാറുകയും ചെയ്യുന്ന വിധത്തിൽ ആ കുഴപ്പങ്ങൾ കഠിനമായിരിക്കും. നശ്വരമായ ഐഹികവിഭവങ്ങൾക്ക് വേണ്ടി മനുഷ്യർ തങ്ങളുടെ ദീൻ ഉപേക്ഷിക്കുന്ന അവസ്ഥയുണ്ടാകും.