അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഖുർആനിൻ്റെ സഹചാരിയുടെ കാര്യം കെട്ടിയിട്ട ഒരു ഒട്ടകത്തിൻ്റെ ഉടമയുടെ ഉപമ പോലെയാണ്; അതിൻ്റെ കാര്യം ശ്രദ്ധയോടെ വീക്ഷിച്ചാൽ അതിനെ പിടിച്ചു നിറുത്താൻ കഴിയും. അതിനെ വിട്ടുകളഞ്ഞാൽ അത് അകന്നു പോവുകയും ചെയ്യും." صحيح - متفق عليه
explain-icon

വിശദീകരണം

വിശുദ്ധ ഖുർആൻ പഠിക്കുകയും അതിൻ്റെ പാരായണം സ്ഥിരമായി -മനപാഠത്തിൽ നിന്നോ മുസ്ഹഫ് നോക്കിക്കൊണ്ടോ- നിർവ്വഹിക്കുകയും ചെയ്യുന്ന ഒരാളെ കയറുകൊണ്ട് കെട്ടിയിട്ട ഒരു ഒട്ടകത്തിൻ്റെ ഉടമയോട് നബി ﷺ ഉപമിച്ചിരിക്കുന്നു. ഒട്ടകത്തിൻ്റെ കെട്ടിൻ്റെ കാര്യം ഇടക്കിടെ അയാൾ ശ്രദ്ധ വെച്ചാൽ അതിനെ അയാൾക്ക് പിടിച്ചു നിർത്താൻ സാധിക്കും. എന്നാൽ അതിൻ്റെ കെട്ടിൽ നിന്ന് അതിനെ അഴിച്ചു വിട്ടാൽ ആ ഒട്ടകം അകലുകയും ഓടിപ്പോവുകയും ചെയ്യും. ഇതു പോലെയാണ് ഖുർആൻ പഠിച്ച ഒരാളുടെ കാര്യവും; അയാൾ ഖുർആൻ പാരായണം നിർവ്വഹിക്കുകയും ചെയ്താൽ അത് അയാൾക്ക് ഓർമ്മയുണ്ടായിരിക്കും. അല്ലായെങ്കിൽ, അയാൾ ഖുർആൻ ക്രമേണ മറന്നു പോകും. ഖുർആൻ സ്ഥിരമായി ശ്രദ്ധിക്കുന്നവൻ്റെ മനപാഠവും നിലനിൽക്കുന്നതാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • വിശുദ്ധ ഖുർആൻ പാരായണവും, ഇടക്കിടെയുള്ള പരിശോധനയും നിലനിറുത്താനുള്ള പ്രോത്സാഹനവും, ഖുർആൻ മറന്നു പോകുന്ന സ്ഥിതി വരുന്നതിൽ നിന്നുള്ള താക്കീതും.
  • വിശുദ്ധ ഖുർആൻ പാരായണം സ്ഥിരമായി നിലനിറുത്തുകയും, അവൻ്റെ നാവ് ഖുർആനിന് പരിചിതമാക്കുകയും വേണം. ഖുർആൻ പാരായണം എളുപ്പമാക്കാൻ അത് ആവശ്യമാണ്. എന്നാൽ ഖുർആൻ പാരായണം അയാൾ അവഗണിച്ചു തള്ളുകയാണെങ്കിൽ അക്കാര്യം അവന് ഭാരമുള്ളതായിത്തീരുകയും, പ്രയാസകരമായി മാറുകയും ചെയ്യും.
  • ഖാദ്വീ ഇയാദ്വ് (رحمه الله) പറഞ്ഞു: "ഖുർആനിൻ്റെ സഹചാരി (സ്വാഹിബുൽ ഖുർആൻ) എന്നത് കൊണ്ട് ഉദ്ദേശ്യം ഖുർആൻ പാരായണം ശീലമാക്കിയവൻ എന്നാണ്. സഹചാരത്തിലൂടെയാണല്ലോ അടുപ്പവും പരിചയവുമുണ്ടാകുന്നത്. ഒരാൾ മറ്റൊരാളുടെ കൂട്ടുകാരനാണെന്നും (സ്വാഹിബ്), സ്വർഗത്തിൻ്റെ അസ്ഹാബുകൾ, നരകത്തിൻ്റെ അസ്ഹാബുകൾ എന്നുമെല്ലാം പറയുന്നത് ഈ അർത്ഥത്തിലാണ്."
  • അല്ലാഹുവിൻ്റെ മാർഗത്തിലുള്ള പ്രബോധനത്തിൻ്റെ രീതികളിൽ പെട്ടതാണ് ഉപമകളും ഉദാഹരണങ്ങളും പറയുക എന്നത്.
  • ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "ഹദീഥിൽ ഒട്ടകത്തെ പ്രത്യേകം എടുത്തു പറഞ്ഞത് മനുഷ്യരോട് ഇണങ്ങുന്ന ജീവികളിൽ ഏറ്റവും അകൽച്ച പ്രകടിപ്പിക്കുന്ന ജീവിയാണ് അത് എന്നതിനാലാണ്. അത് പൂർണ്ണമായി അകന്നു പോയിക്കഴിഞ്ഞാൽ പിന്നെ അതിനെ വരുതിയിലാക്കുക എന്നത് പ്രയാസകരമാണ്."
explain-icon

കൂടുതൽ