അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി (ﷺ) എന്നോട് പറഞ്ഞു: "എനിക്ക് നീ ഓതിക്കേൾപ്പിക്കുക." ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ മേൽ അവതരിപ്പിക്കപ്പെട്ട ഖുർആൻ ഞാൻ അങ്ങേക്ക് ഓതിക്കേൾപ്പിക്കുകയോ?" അവിടുന്ന് പറഞ്ഞു: "അതെ." അപ്പോൾ ഞാൻ സൂറത്തുന്നിസാഅ് ഓതി. അങ്ങനെ ഈ ആയത്ത് എത്തി: {فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ، وَجِئْنَا بِكَ عَلَى هَؤُلاَءِ شَهِيدًا} "ഓരോ സമുദായത്തിൽ നിന്നും നാം ഒരു സാക്ഷിയെ കൊണ്ടുവരികയും, ഇക്കൂട്ടർക്ക് സാക്ഷിയായി താങ്കളെ നാം കൊണ്ടുവരികയും ചെയ്യുമ്പോൾ എന്തായിരിക്കും സ്ഥിതി?" (നിസാഅ്: 41) അവിടുന്ന് പറഞ്ഞു: "ഇപ്പോൾ ഇത്ര മതി." അപ്പോൾ ഞാൻ അവിടുത്തെ നോക്കി; അതാ അവിടുത്തെ രണ്ട് കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നു. صحيح - متفق عليه
explain-icon

വിശദീകരണം

നബി (ﷺ) അബ്ദുല്ലാഹി ബ്നു മസ്ഊദിനോട് ഖുർആനിൽ നിന്ന് അൽപ്പം ഓതിക്കേൾപ്പിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ മേൽ അവതരിച്ച ഖുർആൻ ഞാൻ എങ്ങനെ അങ്ങേക്ക് ഓതിക്കേൾപ്പിക്കും?!" അപ്പോൾ നബി (ﷺ) പറഞ്ഞു: "എനിക്ക് മറ്റൊരാളിൽ നിന്ന് ഖുർആൻ കേൾക്കുന്നത് ഇഷ്ടമാണ്." അങ്ങനെ അദ്ദേഹം സൂറത്തുന്നിസാഅ് ഓതിത്തുടങ്ങുകയും ഈ ആയത്തിൽ എത്തുകയും ചെയ്തു: {فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ، وَجِئْنَا بِكَ عَلَى هَؤُلاَءِ شَهِيدًا} "താങ്കളുടെ ഉമ്മത്തിലേക്ക് അവരുടെ റബ്ബിന്റെ സന്ദേശം എത്തിച്ചുവെന്നതിന് താങ്കളെ സാക്ഷിയായി കൊണ്ടുവരുമ്പോൾ, താങ്കളുടെയും താങ്കളുടെ ഉമ്മത്തിൻ്റെയും അവസ്ഥ എന്തായിരിക്കും?" ഇവിടെ എത്തിയപ്പോൾ നബി (ﷺ) പറഞ്ഞു: "ഇപ്പോൾ പാരായണം നിറുത്തുക." ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: "അപ്പോൾ ഞാൻ അവിടുത്തെ നോക്കി. അപ്പോൾ പ്രസ്തുത രംഗത്തെക്കുറിച്ചുള്ള ഭയം കൊണ്ടും തന്റെ ഉമ്മത്തിനോടുള്ള കാരുണ്യം കൊണ്ടും അവിടുത്തെ രണ്ട് കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുകയായിരുന്നു."

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നവവി (رحمه الله) പറഞ്ഞു: ഖുർആൻ പാരായണം ശ്രദ്ധിച്ചു കേൾക്കുന്നതും അതിൽ മുഴുകുന്നതും ഖുർആൻ ശ്രവിച്ചു കൊണ്ട് കരയുന്നതും അതിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നതും പുണ്യകരമാണ്. മറ്റൊരാളോട് ഖുർആൻ ഓതാൻ ആവശ്യപ്പെട്ടു കൊണ്ട് അത് കേൾക്കുന്നത് കൂടുതൽ നന്നായി കാര്യങ്ങൾ മനസ്സിലാക്കാനും ചിന്തിക്കാനും സ്വന്തമായി ഓതുന്നതിനേക്കാൾ ഉപകരിക്കും.
  • ഖുർആൻ ഓതുന്നതിന് പ്രതിഫലമുള്ളത് പോലെ അത് കേൾക്കുന്നതിനും പ്രതിഫലമുണ്ട്.
  • അബ്ദുല്ലാഹി ബ്നു മസ്ഊദിൻ്റെ رضي الله عنه ശ്രേഷ്ഠത; കാരണം നബി (ﷺ) അദ്ദേഹത്തിൽ നിന്ന് ഖുർആൻ പാരായണം ചെയ്തു കേൾക്കുന്നത് ഇഷ്ടപ്പെട്ടു. ഖുർആൻ പഠിക്കാനും മനഃപാഠമാക്കാനും അതിൽ കൃത്യത വരുത്താനും ഇബ്നു മസ്ഊദ് (رضي الله عنه) താല്പര്യം കാണിച്ചിരുന്നു എന്നതിനും ഇത് തെളിവാണ്.
  • അല്ലാഹുവിൻ്റെ ആയത്തുകൾ കേൾക്കുമ്പോൾ, അവനെ ഭയന്നു കൊണ്ട് കരയുന്നത് ശ്രേഷ്ഠകരമായ പ്രവൃത്തിയാണ്; എന്നാൽ അടക്കവും ഒതുക്കവും നിലനിർത്തി കൊണ്ടും, അലമുറയിടാതെയും ആയിരിക്കണമെന്ന് മാത്രം.
explain-icon

കൂടുതൽ