നബി (ﷺ) മസ്ജിദിനുള്ളിലെ ഒരു ചെറിയ കൂടാരത്തിൽ ഇഅ്തികാഫിലായിരുന്നു. അപ്പോൾ സ്വഹാബികളിൽ ചിലർ അമിതമായി ശബ്ദമുയർത്തി കൊണ്ട് ഖുർആൻ പാരായണം ചെയ്യുന്നത് നബി (ﷺ) കേട്ടു. മറ്റുള്ളവർക്ക് പ്രയാസം സൃഷ്ടിക്കുന്ന വിധത്തിലേക്ക് അവരുടെ ശബ്ദം ഉയർന്നിരുന്നു. അവിടുന്ന് തൻ്റെ കൂടാരത്തിന്റെ വിരി നീക്കുകയും, അപ്രകാരം ശബ്ദമുയർത്തിവരെ തിരുത്തുകയും ഗുണദോഷിക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: "നിങ്ങളെല്ലാവരും ഖുർആൻ പാരായണത്തിലൂടെ നിങ്ങളുടെ റബ്ബിനോട് സ്വകാര്യമായി സംസാരിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അതിനാൽ നിങ്ങൾ പരസ്പരം ശല്യപ്പെടുത്തരുത്. ഖുർആൻ പാരായണത്തിലോ നിസ്കാരത്തിലോ ഒരാൾ മറ്റൊരാളേക്കാൾ ശബ്ദം ഉയർത്താനും പാടില്ല."