ഇസ്രാഈല്യരെ നയിച്ചിരുന്നത് നബിമാരായിരുന്നു എന്നും, ഇക്കാലഘട്ടത്തിൽ ഭരണാധികാരികളും നേതാക്കന്മാരും നിർവ്വഹിക്കുന്നത് പോലുള്ള ദൗത്യം നിറവേറ്റിയിരുന്നത് അവരായിരുന്നുവെന്നും നബി ﷺ അറിയിക്കുന്നു. അവരിൽ കുഴപ്പങ്ങൾ പ്രകടമാകുമ്പോഴെല്ലാം അല്ലാഹു അവരിലേക്ക് നബിമാരെ നിയോഗിക്കുകയും, അവരെക്കൊണ്ട് കാര്യങ്ങൾ നേരെയാക്കുകയും, ജനങ്ങൾ മാറ്റത്തിരുത്തലുകൾ വരുത്തിയ കാര്യങ്ങൾ നേർസ്ഥിതിയിലാക്കുകയും ചെയ്യുമായിരുന്നു. എന്നാൽ നബി (ﷺ) ക്ക് ശേഷം ഇനിയൊരു നബിയുണ്ടാകുന്നതല്ല. ഇസ്രാഈല്യരെ നബിമാർ നയിച്ചതു പോലെ ഈ ഉമ്മത്തിനെ നയിക്കുന്നവരുണ്ടാകുകയില്ല. എന്നാൽ നബി (ﷺ) ക്ക് ശേഷം അനേകം ഖലീഫമാർ (ഭരണാധികാരികൾ) ഉണ്ടാകുന്നതാണ്. അവർ അധികരിക്കുകയും, അവർക്കിടയിൽ അഭിപ്രായഭിന്നതകളും തർക്കങ്ങളും ഉടലെടുക്കുകയും ചെയ്യുന്നതാണ്. അപ്പോൾ സ്വഹാബികൾ നബി (ﷺ) യോട് ചോദിച്ചു: "ഈയൊരു സ്ഥിതി വന്നെത്തിയാൽ ഞങ്ങൾ എന്തു ചെയ്യണമെന്നാണ് അങ്ങ് കൽപ്പിക്കുന്നത്?" അപ്പോൾ നബി (ﷺ) പറഞ്ഞു: ഒരു ഖലീഫക്ക് ശേഷം മറ്റൊരു ഖലീഫക്ക് ബയ്അത്ത് (അനുസരണക്കരാർ) നൽകപ്പെടുന്ന സ്ഥിതി ഉണ്ടായാൽ ആദ്യം നൽകിയ ബയ്അത്താണ് സാധുവാകുക; അതാണ് നിറവേറ്റാൻ ബാധ്യതയുള്ളത്. രണ്ടാമത്തെ ബയ്അത്ത് ഇത്തരുണത്തിൽ അസാധുവാകുന്നതാണ്. അത് ജനങ്ങളിൽ നിന്ന് ആവശ്യപ്പെടാൻ അയാൾക്ക് അനുവാദവുമില്ല. ഭരണാധികാരികൾക്ക് നിങ്ങളുടെ മേലുള്ള അവകാശങ്ങൾ നിങ്ങൾ വകവെച്ചു നൽകുക. അവരെ അനുസരിച്ചു കൊണ്ടും, അവരുടെ കൽപ്പനകൾ -തിന്മകൾ അല്ലാത്തിടത്തോളം- കേട്ടുകൊണ്ടും അനുസരിച്ചു കൊണ്ടും നിങ്ങൾ അവരോട് സഹവസിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു അവരെ ചോദ്യം ചെയ്യുകയും, അവർ നിങ്ങളോട് പ്രവർത്തിച്ചതിനെ കുറിച്ച് അവരെ വിചാരണ നടത്തുകയും ചെയ്യുന്നതാണ്.