ഗ്രാമീണരിൽ പെട്ട ഒരാൾ തനിക്ക് എന്തെങ്കിലും ഒരു ദിക്ർ (പ്രകീർത്തനം) പഠിപ്പിച്ചു തരാൻ നബി -ﷺ- യോട് ആവശ്യപ്പെട്ടു. അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "നീ ഇപ്രകാരം പറയുക: "لا إله إلا الله وحده لا شريك له" "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ മാത്രമാണ് ആരാധനക്ക് അർഹൻ; അവന് യാതൊരു പങ്കുകാരുമില്ല." അല്ലാഹുവിൻ്റെ ഏകത്വം ബോധ്യപ്പെടുത്തുന്ന സാക്ഷ്യവചനം കൊണ്ട് അവിടുന്ന് ആരംഭിച്ചു. അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല എന്നാണ് അതിൻ്റെ അർത്ഥം. "الله أكبر كبيرًا" "അല്ലാഹുവാണ് എല്ലാത്തിനേക്കാളും വലിയവൻ." അല്ലാഹു എല്ലാത്തിനേക്കാളും വലിയവനും മഹത്വമുള്ളവനുമാണ് എന്നർത്ഥം. "والحمد لله كثيرًا" "അല്ലാഹുവിനെ ധാരാളമായി ഞാൻ സ്തുതിക്കുന്നു." അല്ലാഹുവിൻ്റെ വിശേഷണങ്ങളുടെയും പ്രവർത്തനങ്ങളുടെയും എണ്ണമില്ലാത്ത അനുഗ്രഹങ്ങളുടെയും പേരിൽ അല്ലാഹുവിന് അനേകമനേകം സ്തുതികൾ എന്നർത്ഥം. "سبحان الله رب العالمين" "സർവ്വലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുന്നു." എല്ലാ ന്യൂനതകളിൽ നിന്നും അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു എന്നർത്ഥം. "لا حول ولا قوة إلا بالله العزيز الحكيم" "പ്രതാപവാനും യുക്തിമാനുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവും അവസ്ഥാന്തരവുമില്ല." അതായത്, ഒരവസ്ഥയിൽ നിന്ന് മറ്റൊരവസ്ഥയിലേക്ക് മാറാൻ അല്ലാഹുവിൻ്റെ സഹായവും അവൻ്റെ പക്കൽ നിന്നുള്ള അനുഗ്രഹവുമില്ലാതെ സാധ്യമല്ല. ആഗതൻ ചോദിച്ചു: "ഇത് എൻ്റെ രക്ഷിതാവിനെ -സ്മരിക്കാനും മഹത്വപ്പെടുത്താനും - ഉള്ളതാണ്. എൻ്റെ സ്വന്തത്തിന് വേണ്ടി പ്രാർത്ഥിക്കാനായി എനിക്കെന്താണുള്ളത്?" അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "നീ പറയുക: "اللهم اغفر لي" "അല്ലാഹുവേ! നീ എനിക്ക് പൊറുത്തു തരണേ!" എൻ്റെ തെറ്റുകൾ മായ്ച്ചു കൊണ്ടും അവ മറച്ചു വെച്ചു കൊണ്ടും എനിക്ക് പൊറുത്തു തരേണമേ എന്നർത്ഥം. "وارحمني" "എന്നോട് കരുണ കാണിക്കണേ!" എനിക്ക് ഐഹികവും പാരത്രികവുമായ നന്മകൾ എത്തിച്ചു നൽകിക്കൊണ്ട് എന്നോട് കരുണ ചൊരിയണേ എന്നർത്ഥം. "واهدني" "എന്നെ നേർമാർഗത്തിലേക്ക് നയിക്കണേ!" ഏറ്റവും നല്ല അവസ്ഥകളിലേക്കും നേരായ മാർഗത്തിലേക്കും നയിക്കണേ എന്നർത്ഥം,. "وارزقني" "എനിക്ക് ഉപജീവനം നൽകുകയും ചെയ്യേണമേ!" അനുവദനീയമായ സമ്പത്തും ആരോഗ്യവും എല്ലാ നന്മകളും സൗഖ്യവും എനിക്ക് നൽകണേ എന്നർത്ഥം.