ഒരാൾ അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ തൻ്റെ രക്ഷിതാവും (റബ്ബ്) ആരാധ്യനും (ഇലാഹ്) ഉടമസ്ഥനും (മാലിക്) യജമാനനും (സയ്യിദ്) അനുസരിക്കാൻ ബാധ്യതയുള്ള ഉടമസ്ഥനുമായി തൃപ്തിപ്പെടുകയും, ഇസ്‌ലാമിനെ തൻ്റെ ദീനായി തൃപ്തിപ്പെടുകയും അതിന് കീഴൊതുങ്ങുകയും എല്ലാ ഇസ്‌ലാമിക കൽപ്പനകൾക്കും വിലക്കുകൾക്കും തന്നെ സമർപ്പിക്കുകയും, മുഹമ്മദ് നബി -ﷺ- യെ തൻ്റെ നബിയായി തൃപ്തിപ്പെടുകയും അവിടുന്ന് എത്തിച്ചു നൽകിയ എല്ലാ സന്ദേശവും സ്വീകരിക്കുകയും ചെയ്താൽ അവന് സ്വർഗം നിർബന്ധമാകുന്നതാണ് എന്ന് നബി -ﷺ- അബൂ സഈദ് (رضي الله عنه) വിനെ അറിയിച്ചു. അബൂ സഈദ് (رضي الله عنه) വിനെ ഈ വിവരം ഏറെ അത്ഭുതപ്പെടുത്തി. അല്ലാഹുവിൻ്റെ റസൂൽ -ﷺ- യോട് ഒരിക്കൽ കൂടി തന്നെ അത് കേൾപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ നബി -ﷺ- അദ്ദേഹത്തിന് വീണ്ടും അക്കാര്യം പറഞ്ഞു കൊടുത്തു. ശേഷം നബി -ﷺ- പറഞ്ഞു: "അല്ലാഹു തൻ്റെ ദാസന് സ്വർഗത്തിൽ നൂറ് പദവികൾ ഉയർത്തി നൽകാൻ കാരണമാകുന്ന മറ്റൊരു കാര്യം കൂടി എനിക്കറിയാം. സ്വർഗത്തിലെ ഓരോ പദവികൾക്കും ഇടയിലാകട്ടെ, ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള അകലമുണ്ടായിരിക്കുന്നതാണ്." അബൂ സഈദ് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണത്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധമാണത്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധമാണത്."