താൻ കളവാണ് പറയുന്നത് എന്ന ബോധ്യത്തോടെ അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്യുകയും, അതിലൂടെ മറ്റൊരാളുടെ സമ്പത്ത് കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവൻ അല്ലാഹുവിനെ കണ്ടുമുട്ടുന്ന വേളയിൽ അല്ലാഹു അവനോട് കഠിനമായി കോപിച്ചവനായിരിക്കും എന്ന് നബി (ﷺ) താക്കീത് നൽകുന്നു. അശ്അസ് ബ്നു ഖയ്സ് (رضي الله عنه) എന്ന സ്വഹാബി 'തൻ്റെ വിഷയത്തിലാണ് നബി (ﷺ) ഈ വാക്കുകൾ പറഞ്ഞത്' എന്ന് ഓർമ്മിപ്പിച്ചു. അദ്ദേഹത്തിനും യഹൂദരിലും പെട്ട മറ്റൊരാൾക്കും തമ്മിൽ ഒരു ഭൂമിയുടെ ഉടമസ്ഥാവകാശതർക്കം നിലനിന്നിരുന്നു. അങ്ങനെ നബിയുടെ (ﷺ) അടുത്ത് അവർ വിധി അന്വേഷിച്ചെത്തി. നബി (ﷺ) അശ്അസിനോട് ചോദിച്ചു: "നീ അവകാശപ്പെടുന്നത് പോലെയാണ് കാര്യത്തിൻ്റെ യാഥാർത്ഥ്യം എന്ന് തെളിയിക്കാൻ എന്തെങ്കിലും തെളിവ് നിൻ്റെ പക്കലുണ്ടോ?! അങ്ങനെ തെളിവ് കൊണ്ടുവരാൻ നിനക്ക് സാധിക്കില്ലെങ്കിൽ ആരോപണണവിധേയനായ നിൻ്റെ എതിർകക്ഷി ശപഥം ചെയ്യുക എന്നതല്ലാതെ നിനക്ക് മുൻപിൽ വേറെ വഴിയില്ല." അപ്പോൾ അശ്അസ് (رضي الله عنه) പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങനെയാണ് കാര്യമെങ്കിൽ ഈ യഹൂദൻ ശപഥം ചെയ്യാൻ തയ്യാറാകും; അവന് ഈ വിഷയത്തിൽ യാതൊരു ഭയവുമുണ്ടാവുകയില്ല. അതിലൂടെ എൻ്റെ സമ്പത്ത് അവൻ തട്ടിയെടുക്കുകയും ചെയ്യും." അപ്പോൾ അത് സത്യപ്പെടുത്തിക്കൊണ്ട് അല്ലാഹു വിശുദ്ധ ഖുർആനിലെ (ആലു ഇംറാൻ 77) വചനം അവതരിപ്പിച്ചു: പ്രസ്തുത ആയത്തിൻ്റെ ആശയസാരം ഇപ്രകാരമാണ്: "ഉത്തരവാദിത്തങ്ങളും വിശ്വസ്തതയും കാത്തുസൂക്ഷിക്കണമെന്ന അല്ലാഹുവിൻ്റെ കരാറിന് പകരമായി അല്ലാഹുവിൻ്റെ പേരിൽ കള്ളസത്യം ചെയ്തു കൊണ്ട് ഐഹികജീവിതത്തിലെ തുഛമായ വിഭവങ്ങൾ സ്വരുക്കൂട്ടുന്നവർ; അവർക്ക് അന്ത്യനാളിൽ യാാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല. അവർക്ക് സന്തോഷമോ ആശ്വാസമോ പകരുന്ന ഒരു വാക്കും അല്ലാഹു അവരോട് സംസാരിക്കുകയില്ല. മറിച്ച് അവൻ അവരോട് കോപിക്കുകയാണ് ചെയ്യുക. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരിലേക്ക് കാരുണ്യത്തോടെയും നന്മയോടെയും അല്ലാഹു നോക്കുന്നതുമല്ല. അല്ലാഹു അവരെ കുറിച്ച് നല്ലതു പറയുകയോ, അവരുടെ പാപങ്ങളും തിന്മകളും തെറ്റുകളും പൊറുത്തു നൽകിക്കൊണ്ട് അവരെ ശുദ്ധീകരിക്കുകയോ ചെയ്യില്ല. അവർ ചെയ്തുകൂട്ടിയ പാപങ്ങൾ കാരണത്താൽ അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും."