ഹിൻദ് ബിൻത് ഉത്ബഃ (رضي الله عنها) തൻ്റെ ഭർത്താവായ അബൂസുഫ്‌യാൻ്റെ (رضي الله عنها) വിഷയത്തിൽ നബിയോട് (ﷺ) ഒരു സംശയം ആരായുകയുണ്ടായി. അദ്ദേഹം പിശുക്കനാണെന്നും, തൻ്റെ സമ്പത്തിന്റെ വിഷയത്തിൽ അതീവ ശ്രദ്ധയുള്ളയാളാണെന്നും, ഹിൻദിനും മക്കൾക്കും ആവശ്യമായത് ചെലവിന് കൊടുക്കുന്നില്ലെന്നും, അതിനാൽ അദ്ദേഹത്തിൻ്റെ സമ്പത്തിൽ നിന്ന് അദ്ദേഹം അറിയാതെ താൻ കുറച്ച് പണം എടുക്കാറുണ്ടെന്നും, അക്കാര്യം തൻ്റെ മേൽ ഒരു തെറ്റായി മാറുമോ എന്നുമായിരുന്നു അവരുടെ സംശയം. നബി (ﷺ) പറഞ്ഞു: "നാട്ടുനടപ്പനുസരിച്ച് നിനക്ക് ആവശ്യമുള്ളതായി ബോധ്യമുള്ള പണം നിനക്കും നിൻ്റെ കുട്ടികൾക്കും വേണ്ടി ഭർത്താവിൻ്റെ സമ്പത്തിൽ നിന്ന് നീ എടുത്തു കൊള്ളുക. അത് അയാളുടെ അറിവോടെയല്ലെങ്കിലും തെറ്റില്ല."