ഒരാൾ വുദൂഅ് ചെയ്യുമ്പോൾ അതിൻ്റെ സ്തംഭങ്ങൾ (ഒഴിച്ചു കൂടാൻ പാടില്ലാത്ത നിർബന്ധ കർമ്മങ്ങൾ) പൂർണ്ണമായി നിർവ്വഹിച്ചു കൊണ്ടും സുന്നത്തുകളും മര്യാദകളും പാലിച്ചു കൊണ്ടും അത് നിർവ്വഹിക്കുകയും, ശേഷം ജുമുഅഃ നിസ്കാരത്തിന് വന്നെത്തുകയും, നിശബ്ദത പാലിക്കുകയും, ഖത്തീബിൻ്റെ സംസാരം ശ്രദ്ധിച്ചു കേൾക്കുകയും, അനാവശ്യങ്ങൾ സംസാരിക്കാതിരിക്കുകയും ചെയ്താൽ പത്തു ദിവസങ്ങളിൽ അവൻ്റെ പക്കൽ നിന്ന് സംഭവിച്ച ചെറുപാപങ്ങൾ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നതാണ്. ഒരു ജുമുഅഃ മുതൽ അടുത്ത ജുമുഅഃ വരേക്കും അതോടൊപ്പം മൂന്ന് ദിവസങ്ങളും സംഭവിച്ച തിന്മകൾ പൊറുക്കപ്പെടും; കാരണം ഒരു നന്മക്ക് പത്തിരട്ടിയാണ് പ്രതിഫലമായി നൽകപ്പെടുക. ഖുതുബയിൽ നൽകപ്പെടുന്ന ഉപദേശങ്ങൾ ഹൃദയം കൊണ്ട് ശ്രദ്ധിക്കാതെ അനാവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ഖുതുബയിൽ നിന്ന് ശ്രദ്ധ നഷ്ടപ്പെടുത്തുന്ന വിധത്തിൽ ചരൽക്കല്ലുകൾ കൊണ്ട് കളിക്കുകയോ മറ്റോ ചെയ്യുക തുടങ്ങിയവയിൽ നിന്നും നബി -ﷺ- താക്കീത് നൽകുന്നു. ആരെങ്കിലും അത്തരം പ്രവർത്തനങ്ങൾ ചെയ്താൽ അവൻ അനാവശ്യം പ്രവർത്തിച്ചിരിക്കുന്നു എന്നും, ജുമുഅഃയുടെ മുഴുവൻ പ്രതിഫലം അവന് ലഭിക്കുകയില്ലെന്നും അവിടുന്ന് അറിയിക്കുകയും ചെയ്യുന്നു.