ഹവാസിൻ ഗോത്രത്തിൽ നിന്നുള്ള ചില തടവുകാരെ നബിയുടെ -ﷺ- അടുക്കൽ കൊണ്ടുവരപ്പെട്ടു. അക്കൂട്ടത്തിൽ ഒരു സ്ത്രീ തന്റെ കുട്ടിയെ അന്വേഷിച്ച് നടക്കുകയായിരുന്നു. തടവുകാർക്കിടയിൽ ഏതൊരു കുട്ടിയെ കണ്ടാലും അവൾ പാൽ കൊടുക്കുന്നുണ്ടായിരുന്നു; കാരണം അവളുടെ മാറിടത്തിൽ പാൽ നിറഞ്ഞത് അവൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ടായിരുന്നു. പിന്നീട് അവൾ തന്റെ സ്വന്തം കുട്ടിയെ തടവുകാരിൽ കണ്ടെത്തുകയും, അവനെ എടുത്ത് തന്റെ മാറോട് ചേർത്തു പാൽ കൊടുക്കുകയും ചെയ്തു. അപ്പോൾ നബി -ﷺ- സ്വഹാബികളോട് ചോദിച്ചു: "ഈ സ്ത്രീ തന്റെ കുട്ടിയെ തീയിലിടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?" ഞങ്ങൾ പറഞ്ഞു: "അവൾ ഇഷ്ടത്തോടെ ഒരിക്കലും അത് ചെയ്യില്ല." അപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹു അവന് വഴിപ്പെട്ടവരായ മുസ്‌ലിംകളായ തൻ്റെ ദാസന്മാരോട്, ഈ സ്ത്രീക്ക് തന്റെ കുട്ടിയോടുള്ളതിനേക്കാൾ വലിയ കരുണയുള്ളവനാണ്."