നബി ﷺ യുടെ പ്രാർത്ഥനകളിൽ പെട്ട ഒരു ദുആയാണ് ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നത്. അവിടുന്ന് അല്ലാഹുവിനോട് സന്മാർഗം ചോദിക്കുമായിരുന്നു; സത്യം ഏതാണെന്ന് അറിയാനും അത് പ്രവർത്തിക്കാനും നേരായ മാർഗത്തിൽ പ്രവേശിക്കാനുമുള്ള സൗഭാഗ്യമാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. ധർമ്മനിഷ്ഠയും (തഖ്‌വ) അവിടുന്ന് അല്ലാഹുവിനോട് ചോദിക്കുമായിരുന്നു; അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കാനും വിലക്കുകൾ ഉപേക്ഷിക്കാനുമുള്ള സൗഭാഗ്യമാണ് അതിൻ്റെ ഉദ്ദേശ്യം. ജീവിതവിശുദ്ധിയും അവിടുന്ന് ചോദിക്കുമായിരുന്നു; അല്ലാഹു അനുവദിച്ചിട്ടില്ലാത്തതും മാന്യമല്ലാത്തതുമായ വാക്കുകളും പ്രവർത്തികളും ഉപേക്ഷിക്കാനുള്ള ഉതവിയാണ് അതിൻ്റെ ഉദ്ദേശ്യം. ധന്യതയും അവിടുന്ന് അല്ലാഹുവിനോട് ചോദിക്കുമായിരുന്നു; സൃഷ്ടികളോട് ആവശ്യം തേടേണ്ട അവസ്ഥ വരാതെ, അല്ലാഹുവിനോടല്ലാതെ മറ്റാരോടും തേടേണ്ടതില്ലാത്ത സ്ഥിതിയാണ് അതിൻ്റെ ഉദ്ദേശ്യം.