ഉമറുബ്നുൽ ഖത്താബ് (رضي الله عنه) സ്വഹാബികളിൽ പെട്ട അനേകം പേരുള്ള ഒരു സദസ്സിലായിരുന്നു. അപ്പോൾ അവരോട് അദ്ദേഹം ചോദിച്ചു: നബി (ﷺ) ഫിത്നകളെ കുറിച്ച് വിവരിക്കുന്നത് നിങ്ങളിൽ ആരാണ് കേട്ടിട്ടുള്ളത്? അവരിൽ ചിലർ പറഞ്ഞു: "അവിടുന്ന് ഫിത്നകളെ കുറിച്ച് പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്." അപ്പോൾ ഉമർ (رضي الله عنه) പറഞ്ഞു: "ഒരു വ്യക്തിക്ക് തൻ്റെ സ്വന്തക്കാരായ ഭാര്യയുടെയും മക്കളുടെയും കാര്യത്തിൽ ഉണ്ടാകുന്ന പരീക്ഷണങ്ങളായിരിക്കും നിങ്ങൾ ഉദ്ദേശിക്കുന്നത്; അവരോടുള്ള സ്നേഹം അതിരുകവിയുന്നതോ അവരുടെ കാര്യത്തിലുള്ള അതിരുവിട്ട പിശുക്കോ, അവരെക്കൊണ്ട് നന്മകളിൽ നിന്ന് അശ്രദ്ധനായി പോകുന്നതോ ആവാം. അവരുടെ വിഷയത്തിലുള്ള ബാധ്യതകളിൽ കുറവ് വരുത്തുകയും, അവരെ മര്യാദയും വിജ്ഞാനവും പഠിപ്പിക്കുന്നതിൽ അശ്രദ്ധ വരുത്തുന്നതും പോലുള്ള പരീക്ഷണങ്ങളും ധാരാളമുണ്ട്. അതല്ലെങ്കിൽ, അയൽവാസിയുടെ കാര്യത്തിലും മറ്റുമെല്ലാം ഉണ്ടാകുന്ന പരീക്ഷണങ്ങളായിരിക്കും നിങ്ങൾ മനസ്സിലാക്കിയത്?" അവർ പറഞ്ഞു: "അതെ." അപ്പോൾ ഉമർ (رضي الله عنه) പറഞ്ഞു: "ആ ഫിത്നകൾ ഒരാൾ സ്വയം വിചാരണ നടത്താൻ അർഹമായ പരീക്ഷണങ്ങൾ തന്നെയാണ്. അവയിൽ ചില തിന്മകൾ നിസ്കാരവും നോമ്പും ദാനധർമങ്ങളും പോലുള്ള നന്മകൾ കൊണ്ട് പൊറുക്കപ്പെട്ടേക്കാവുന്നതാണ്." എന്നാൽ ജനങ്ങളെ പൊതുവായി ബാധിക്കുന്നതും വ്യാപകമായി പരക്കുന്നതും ജനങ്ങളെ സമുദ്രത്തിലെ തിരമാലകൾ പോലെ ഇളക്കിമറിക്കുന്നതുമായ കടുത്ത ഫിത്നകളെ കുറിച്ച് നിങ്ങളിൽ ആരാണ് കേട്ടിട്ടുള്ളത്? അപ്പോൾ അവിടെ കൂടിയവർ നിശബ്ദരായി; എന്നാൽ ഹുദൈഫ (رضي الله عنه) പറഞ്ഞു: "ഞാൻ അക്കാര്യം കേട്ടിട്ടുണ്ട്." ഹുദൈഫയുടെ മറുപടി കേട്ടപ്പോൾ ഉമർ (رضي الله عنه) സന്തോഷിച്ചു; അദ്ദേഹം പറഞ്ഞു: "അല്ലാഹു താങ്കളുടെ പിതാവിനെ ആദരിക്കട്ടെ; താങ്കളെ പോലുള്ളവരെ വളർത്തിയതിന്! താങ്കൾ പറയുക." അപ്പോൾ ഹുദൈഫ (رضي الله عنه) പറഞ്ഞു: നബി (ﷺ) പറഞ്ഞിട്ടുണ്ട്: ഫിത്നകൾ പ്രകടമാവുകയും പുറപ്പെടുകയും ചെയ്യും; ഈറ്റപ്പായയുടെ അടരുകൾ ഉറങ്ങുന്ന മനുഷ്യൻ്റെ പുറത്ത് ഒട്ടിപ്പിടിക്കുന്നത് പോലെ അവ മനുഷ്യൻ്റെ ഹൃദയത്തിൽ ഒട്ടിപ്പിടിക്കുകയും, ആ കൂടിച്ചേരൽ മനുഷ്യൻ്റെ ഹൃദയത്തിൽ കടുത്ത സ്വാധീനം ചെലുത്തുകയും ചെയ്യുന്നതാണ്. ഈ ഫിത്നകൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കും. ഏതെങ്കിലും ഹൃദയത്തിൽ അത് പ്രവേശിക്കുകയും, ആ ഹൃദയം അതിനെ ഇഷ്ടപ്പെടുകയും, പാനീയം വലിച്ചു കുടിക്കുന്നത് പോലെ അവയുമായി കൂടിക്കലരുകയും ചെയ്താൽ ഹൃദയത്തിൽ ഒരു കറുത്ത പുള്ളി വീഴുന്നതാണ്. എന്നാൽ ഈ ഫിത്നകളെ തിരസ്കരിക്കുന്ന ഹൃദയങ്ങളിൽ ഒരു വെളുത്ത പുള്ളിയും വീഴുന്നതാണ്. അങ്ങനെ ഹൃദയങ്ങൾ രണ്ട് വിധമായി തീരും. ഒന്ന്: ഈമാൻ ശക്തമായി അടിയുറച്ച തൂവെള്ള നിറമുള്ള ഹൃദയം. എല്ലാ കലർപ്പുകളിൽ നിന്നും അത് സുരക്ഷിതമായിരിക്കും. ഫിത്നകൾ അവയിൽ പറ്റിപ്പിടിക്കുകയില്ല.മിനുസമുള്ള ഒരു പാറപ്പുറത്ത് ഒന്നും സ്വാധീനം ചെലുത്തുകയോ ഒട്ടിനിൽക്കുകയോ ചെയ്യാത്തത് പോലെ, ആ ഹൃദയം നിലകൊള്ളും. അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരെ ഏത് പരീക്ഷണവും അതിനെ യാതൊരു ഉപദ്രവവുമേൽപ്പിക്കുകയില്ല. രണ്ടാമത്തെ ഹൃദയം ഫിത്നകൾ ബാധിച്ചതിനാൽ അത് കറുത്ത നിറമായി മാറും; ചെരിച്ചു വെച്ചതോ കമിഴ്ത്തി വെച്ചതോ ആയ ഒരു കൂജ പോലെയായിരിക്കും അതിൻ്റെ സ്ഥിതി. വെള്ളം അതിൽ ബാക്കി നിൽക്കുകയേ ഇല്ല; നന്മകളോ വിജ്ഞാനമോ പ്രസ്തുത ഹൃദയത്തിൽ നിലനിൽക്കുകയില്ല എന്നത് പോലെ. അതിന് നന്മകളെ തിരിച്ചറിയാനോ തിന്മകളെ അകറ്റുവാനോ കഴിയില്ല; ഹൃദയം ആഗ്രഹിച്ചതും ഇഛിച്ചതും മാത്രമായിരിക്കും അതിൻ്റെ മുന്നിലുണ്ടാവുക. ശേഷം ഹുദൈഫ (رضي الله عنه) പറഞ്ഞു: "താങ്കളുടെ ജിവീതകാലത്ത് ഈ ഫിത്നകളൊന്നും പുറപ്പെടുകയില്ല. താങ്കൾക്കും ആ ഫിത്നകൾക്കും ഇടയിൽ ഒരു വാതിലുണ്ട്; അത് തകർക്കപ്പെടാനുള്ള സമയം അടുത്തിരിക്കുന്നു." ഉമർ (رضي الله عنه) ചോദിച്ചു: "അത് തകർക്കപ്പെടുകയാണോ ഉണ്ടാവുക?! അത് തുറക്കപ്പെടുകയായിരുന്നെങ്കിൽ ആ വാതിൽ വീണ്ടും തിരിച്ചടക്കാൻ സാധിക്കുമായിരുന്നു." അപ്പോൾ ഹുദൈഫ (رضي الله عنه) പറഞ്ഞു: "അല്ല! ആ വാതിൽ തകർക്കപ്പെടുകയാണുണ്ടാവുക. വധിക്കപ്പെടുകയോ മരിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിയാണ് ആ വാതിൽ." (ഹുദൈഫ (رضي الله عنه) പറഞ്ഞു: ) ഞാൻ ഈ പറഞ്ഞതെല്ലാം സത്യവും യാഥാർത്ഥ്യവുമാണ്. ആരെങ്കിലും എഴുതിയുണ്ടാക്കിയതൊന്നുമല്ല അവ. ഏതെങ്കിലുമൊരാളുടെ അഭിപ്രായങ്ങളുമല്ല. മറിച്ച്, നബിയിൽ (ﷺ) നിന്നുള്ള ഹദീഥാണ് ഇതെല്ലാം.