നബി -ﷺ- ദിവസത്തിൻ്റെ ആദ്യഘട്ടമായ പ്രഭാതത്തിലേക്ക് പ്രവേശിച്ചാൽ അവിടുന്ന് ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: "അല്ലാഹുവേ! നിന്നെ കൊണ്ട് ഞങ്ങൾ പ്രഭാതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു" : അതായത് നിൻ്റെ സംരക്ഷണം ലഭിക്കുന്നവരും, നിൻ്റെ അനുഗ്രഹങ്ങളുടെ വിശാലതയാൽ വലയം ചെയ്യപ്പെട്ടവരും, നിന്നെ സ്മരിക്കുന്നതിൽ വ്യാപൃതരായും, നിൻ്റെ നാമം കൊണ്ട് നിന്നോട് സഹായം തേടുന്നവരും, നിൻ്റെ തൗഫീഖിനാൽ ധന്യരായവരും, നിൻ്റെ പക്കൽ നിന്നുള്ള ശക്തിയും സഹായവും കൊണ്ട് ചലിക്കുന്നവരുമായി കൊണ്ട് ഞങ്ങൾ നേരം പുലർന്നിരിക്കുന്നു. "നിന്നെ കൊണ്ട് ഞങ്ങൾ പ്രദോഷത്തിലേക്ക് പ്രവേശിക്കുകയും ചെയ്തിരിക്കുന്നു" : പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോഴുള്ള അതേ ഉദ്ദേശ്യം തന്നെയാണ് ഇവിടെയുമുള്ളത്. എന്നാൽ പ്രദോഷത്തിൽ ഈ ദിക്ർ ചൊല്ലുമ്പോൾ 'ബിക അംസയ്നാ' എന്ന ഭാഗം ആദ്യം പറയേണ്ടതുണ്ട്. "നിന്നെ കൊണ്ട് ഞങ്ങൾ ജീവിക്കുകയും, നിന്നെ കൊണ്ട് ഞങ്ങൾ മരിക്കുകയും ചെയ്യുന്നു" : കാരണം അല്ലാഹുവാണ് ജീവൻ നൽകുന്നവൻ; അവനെ കൊണ്ടാണ് നാം ജീവിക്കുന്നത്. അവൻ തന്നെയാണ് മരിപ്പിക്കുന്നവനും; അവനെ കൊണ്ടാണ് നാം മരിക്കുന്നതും. "നിന്നിലേക്ക് തന്നെയാണ് പുനരുത്ഥാനവും" : മരണത്തിന് ശേഷം ജീവിക്കപ്പെടുന്നതും, മനുഷ്യരെല്ലാം ചിതറിത്തെറിച്ചതിന് ശേഷം ഒരുമിച്ചു കൂട്ടപ്പെടുന്നതും നിന്നിലേക്കാണ്. എല്ലാ സമയങ്ങളിലും എല്ലാ അവസ്ഥാന്തരങ്ങളിലും ഞങ്ങളുടെ സ്ഥിതി ഇതേ അവസ്ഥയിലാണ് തുടരുന്നത്. അതിൽ നിന്ന് എനിക്കൊരു വേർപ്പെടലില്ല; ഞാൻ അതിൽ നിന്ന് അകന്നു പോകുന്നതുമല്ല. അസ്വർ നിസ്കാരത്തിന് ശേഷം പ്രദോഷത്തിലേക്ക് പ്രവേശിച്ചാൽ ഈ ദിക്ർ 'അല്ലാഹുമ്മ ബിക അംസയ്നാ' എന്നു പറഞ്ഞു കൊണ്ടാണ് തുടങ്ങേണ്ടത്. അവസാനത്തിൽ 'വ ഇലയ്കൽ മസ്വീർ' എന്നുമാണ് പറയേണ്ടത്. അതായത്, ഇഹലോകത്ത് നിന്ന് ഞങ്ങൾ മടങ്ങാനിരിക്കുന്നതും, അവസാനമായി ചെന്നണയുന്നതും അല്ലാഹുവിലേക്കാണ്. (അല്ലാഹുവേ!) നീയെന്നെ ജീവിപ്പിക്കുകയും നീ തന്നെ എന്നെ മരിപ്പിക്കുകയും ചെയ്യുന്നു.