ഇസ്റാഅ് മിഅ്റാജിൻ്റെ രാത്രിയിൽ ഇബ്രാഹീം നബി (عليه السلام) നെ കണ്ടപ്പോൾ അദ്ദേഹം തന്നോട് പറഞ്ഞ കാര്യങ്ങളാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. അദ്ദേഹം പറഞ്ഞു: "ഹേ മുഹമ്മദ്! താങ്കളുടെ ജനതക്ക് എൻ്റെ സലാം അറിയിക്കുക. സ്വർഗത്തിലേത് ശുദ്ധമായ മണ്ണാണെന്നും, ഇവിടെയുള്ള വെള്ളം യാതൊരു ഉപ്പുരസവുമില്ലാത്ത ശുദ്ധമായ വെള്ളമാണെന്നും അവരെ അറിയിക്കുക. സ്വർഗം വിശാലവും നിരപ്പായതുമാണെന്നും, അവിടെ വൃക്ഷങ്ങളില്ലെന്നും, അവിടെ നട്ടുപിടിപ്പിക്കാവുന്ന ചെടികൾ നല്ല വാക്കുകളാണെന്നും അവരെ അറിയിക്കുക. എന്നെന്നും നിലനിൽക്കുന്ന സൽകർമ്മങ്ങളായി വിശേഷിപ്പിക്കപ്പെട്ട 'സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ' എന്നിവയാണ് ആ നല്ല വാക്കുകൾ. മുസ്‌ലിമായ ഒരാൾ ഓരോ തവണ ഈ വാക്കുകൾ ആവർത്തിക്കുമ്പോഴും അവന് വേണ്ടി സ്വർഗത്തിൽ പ്രസ്തുത ചെടികൾ നട്ടുപിടിപ്പിക്കപ്പെടുന്നതാണ്.