ജനങ്ങളിൽ രണ്ട് വിഭാഗത്തിനുള്ള ഉപമയാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. ഒന്ന്: നല്ല ഒരു സഹവാസിയുടെയും കൂട്ടുകാരൻ്റെയും ഉപമയാണ്. അല്ലാഹുവിലേക്ക് നയിക്കുകയും, അവൻ്റെ തൃപ്തിയിലേക്ക് വഴിനടത്തുകയും, നന്മ പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നവരാണ് അക്കൂട്ടർ. അവൻ്റെ ഉപമ ഒരു സുഗന്ധവിൽപ്പനക്കാരൻ്റെ ഉപമയാണ്; ഒന്നുകിൽ അവൻ നിനക്ക് (സൗജന്യമായി) സുഗന്ധം നൽകും; അതുമല്ലെങ്കിൽ നിനക്ക് അവനിൽ നിന്ന് അത് വിലകൊടുത്തു വാങ്ങാം. അതുമല്ലെങ്കിൽ അവൻ്റെ അടുത്ത് നിന്ന് നിനക്ക് മനോഹരമായ സുഗന്ധം ആസ്വദിച്ചു കൊണ്ടിരിക്കാം. രണ്ടാമത്തെ വിഭാഗം; മോശം സഹവാസിയും ചീത്തകൂട്ടുകാരുമായവരാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് തടയുകയും, തിന്മകൾ പ്രവർത്തിക്കാൻ സഹായിക്കുകയും, മ്ലേഛമായ പ്രവർത്തനങ്ങൾ മാത്രം നിനക്ക് കാണിച്ചു തരുകയും ചെയ്യുന്നവരായിരിക്കും അക്കൂട്ടർ. അത്തരക്കാരോടൊപ്പം കൂടിയിരിക്കുന്നതും സഹവസിക്കുന്നതും നിനക്ക് ദോഷവും ആക്ഷേപവും മാത്രമാണ് നൽകുക. ഉലയിൽ ഊതുന്ന ഇരുമ്പ് പണിക്കാരനെ പോലെയാണ് അവൻ്റെ ഉപമ. ഒന്നുകിൽ അവൻ്റെ ഉലയിൽ നിന്ന് തെറിച്ചു വരുന്ന തീപ്പൊരി നിൻ്റെ വസ്ത്രം കരിച്ചു കളഞ്ഞേക്കാം. അതുമല്ലെങ്കിൽ, അവൻ്റെ അടുത്തിരിക്കുമ്പോൾ മോശം മണം നീ സഹിക്കേണ്ടി വന്നേക്കാം.