നബി (ﷺ) മുആദ് ഇബ്നു ജബലിനെ (رضي الله عنه) യമനിലേക്ക് ജനങ്ങളെ പഠിപ്പിക്കാനും പ്രബോധനം ചെയ്യാനുമായി നിയോഗിച്ചിരുന്നു. പ്രസ്തുത വേളയിൽ അവിടുന്ന് അദ്ദേഹത്തോട് കൽപ്പിച്ച കാര്യങ്ങളിൽ ഒന്ന് ഇതായിരുന്നു: മുസ്‌ലിംകളിൽ നിന്ന് പശുക്കളുടെ സകാത്ത് ശേഖരിക്കുമ്പോൾ ഓരോ മുപ്പത് പശുക്കൾക്കും ഒരു വയസ്സ് പൂർത്തിയായ ഒരു കാളക്കുട്ടിയെ (തബീഅ്) അല്ലെങ്കിൽ പശുക്കുട്ടിയെ (തബീഅ) എടുക്കണം. ഓരോ നാൽപ്പത് പശുക്കൾക്കും രണ്ട് വയസ്സ് പൂർത്തിയായ ഒരു പശുവിനെ (മുസിന്ന) വാങ്ങണം. വേദക്കാരായ ജൂതന്മാരിൽ നിന്നും നസ്വാറാക്കളിൽ നിന്നും ജിസ്‌യഃ വാങ്ങുകയും വേണം. പ്രായപൂർത്തിയായ ഓരോ പുരുഷനിൽ നിന്നും ഒരു ദീനാർ, അല്ലെങ്കിൽ ഒരു ദീനാറിന് തുല്യമായ 'മആഫിരി' എന്ന് വിളിക്കപ്പെടുന്ന യമനി വസ്ത്രങ്ങളായിരുന്നു ശേഖരിക്കേണ്ടിയിരുന്നത്.