ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "തീർച്ചയായും അല്ലാഹു -سُبْحَانَهُ وَتَعَالَى- നിങ്ങളുടെ പിതാക്കളുടെ പേരിൽ ശപഥം ചെയ്യുന്നത് നിങ്ങളോട് വിലക്കിയിരിക്കുന്നു." ശേഷം ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹു തന്നെ സത്യം! നബി -ﷺ- അതിൽ നിന്ന് വിലക്കിയത് കേട്ടതിന് ശേഷം ഒരിക്കലും പിതാക്കളുടെ പേരിൽ ഞാൻ ശപഥം ചെയ്തിട്ടില്ല. മറ്റൊരാളുടെ ശപഥം ഉദ്ധരിച്ചു പറയുകയും ചെയ്തിട്ടില്ല." صحيح - متفق عليه
explain-icon

വിശദീകരണം

പിതാവിൻ്റെയോ പിതാമഹന്മാരുടെയോ പേരുകൾ കൊണ്ട് ശപഥം ചെയ്യുന്നതിൽ നിന്ന് അല്ലാഹു വിലക്കിയിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു. അതിനാൽ ആരെങ്കിലും ശപഥം ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ അല്ലാഹുവിൻ്റെ പേരിൽ മാത്രം ശപഥം ചെയ്യട്ടെ. ഒരിക്കലും അല്ലാഹുവല്ലാത്തവരുടെ പേരിൽ അവൻ ശപഥം ചെയ്യാതിരിക്കട്ടെ. ശേഷം ഉമർ -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- യിൽ നിന്ന് ഈ ഹദീഥ് കേട്ടതിന് ശേഷം, അവിടുന്ന് ഇക്കാര്യം വിലക്കിയത് അറിഞ്ഞതിന് ശേഷം ബോധപൂർവ്വമോ, മറ്റൊരാളുടെ സംസാരത്തിൽ അല്ലാഹുവല്ലാത്തവരെ കൊണ്ടുള്ള ശപഥമുണ്ടെങ്കിൽ അത് വിവരിക്കുന്നതിന് വേണ്ടിയോ പോലും അല്ലാഹുവല്ലാത്തവരുടെ പേരിൽ ശപഥം ചെയ്യുന്ന വാക്ക് അദ്ദേഹം പറഞ്ഞിട്ടില്ല.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അല്ലാഹുവല്ലാത്തവരുടെ പേരിൽ സത്യം ചെയ്യുന്നത് നിഷിദ്ധമാണ്. പിതാക്കളുടെ പേരിൽ സത്യം ചെയ്യുന്നത് നബി -ﷺ- പ്രത്യേകം വിലക്കിയത് ജാഹിലിയ്യത്തിലെ അറബികളുടെ രീതിയിൽ പെട്ടതായിരുന്നു അത് എന്നതു കൊണ്ടാണ്.
  • الحَلِف (ശപഥം): എന്നാൽ ഒരു കാര്യം ഉറപ്പിച്ചു പറയുന്നതിന് വേണ്ടി അല്ലാഹുവിനെ കൊണ്ടോ അവൻ്റെ നാമങ്ങളോ ഗുണവിശേഷണങ്ങളോ കൊണ്ടോ സത്യം ചെയ്ത് പറയലാണ്.
  • ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ശ്രേഷ്ഠത നോക്കൂ. നബി -ﷺ- യുടെ കൽപ്പന ഉടനടി നിറവേറ്റുന്നതിലും അതിൻ്റെ ആശയം ഗ്രഹിച്ചെടുക്കുന്നതിലും, ആ വിഷയത്തിൽ പാലിക്കേണ്ട സൂക്ഷ്മതയിലും അദ്ദേഹം സ്വീകരിച്ച മാർഗം അത് ബോധ്യപ്പെടുത്തുന്നുണ്ട്.
explain-icon

കൂടുതൽ