അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എൻ്റെ ഉമ്മത്തിന് പ്രയാസകരമാകില്ലായിരുന്നെങ്കിൽ എല്ലാ നിസ്കാരത്തിൻ്റെ വേളയിലും പല്ലു തേക്കാൻ ഞാൻ അവരോട് കൽപ്പിക്കുമായിരുന്നു." صحيح - متفق عليه
explain-icon

വിശദീകരണം

തൻ്റെ ഉമ്മത്തിന് പ്രയാസമായേക്കാം എന്ന ഭയമില്ലായിരുന്നെങ്കിൽ എല്ലാ നിസ്കാരത്തിനോടൊപ്പവും പല്ലു തേക്കാൻ അവരോട് ഞാൻ കൽപ്പിക്കുമായിരുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നബി -ﷺ- ക്ക് തൻ്റെ ഉമ്മത്തിനോട് ഉണ്ടായിരുന്ന അനുകമ്പയും, അവർക്ക് പ്രയാസമുണ്ടായേക്കുമോ എന്ന ആശങ്കയും.
  • നബി -ﷺ- ഒരു കാര്യം കൽപ്പിച്ചാൽ അത് നിർബന്ധമാണ് (വാജിബ്) എന്നതാണ് പൊതുഅടിസ്ഥാനം. അവിടുത്തെ കൽപ്പന ഐഛികമായ (സുന്നത്തായ) ഒരു കാര്യത്തിനായിരുന്നു എന്ന് അറിയിക്കുന്ന മറ്റൊരു തെളിവ് വരുന്നത് വരെ അതിൽ മാറ്റമില്ല.
  • പല്ലു തേക്കുന്നത് പുണ്യകരമായ കാര്യമാണ്. ഓരോ നിസ്കാരങ്ങളുടെയും വേളയിൽ അത് നിർവ്വഹിക്കുന്നതും ശ്രേഷ്ഠകരമാണ്.
  • ഇബ്നു ദഖീഖ് അൽഈദ് -رَحِمَهُ اللَّهُ- പറയുന്നു: "നിസ്കാരത്തിൻ്റെ വേളയിൽ പല്ലു തേക്കുന്നത് പുണ്യകരമായതിന് പിന്നിലെ യുക്തി പ്രസ്തുതസന്ദർഭം അല്ലാഹുവിലേക്ക് സാമീപ്യം തേടുന്ന സമയമാണെന്നതാണ്. അതിനാൽ ഈ സമയം ഏറ്റവും പരിപൂർണ്ണവും ശുദ്ധിയുള്ളതും ആരാധനകളുടെ മഹത്വം വെളിവാക്കുന്നതുമായ രീതിയിലായിരിക്കണം."
  • ഹദീഥിൻ്റെ പൊതുവായ പ്രയോഗത്തിൽ നിന്ന് മനസ്സിലാകുന്നത് നോമ്പുകാരന് മദ്ധ്യാഹ്നത്തിന് ശേഷമാണെങ്കിൽ പോലും -ദ്വുഹർ അസ്വർ നിസ്കാരങ്ങളുടെ സന്ദർഭത്തിൽ- പല്ലു തേക്കാം എന്നാണ്.