അനസ് ബ്നു മാലിക് (رضي الله عنه) നിവേദനം: നബി (ﷺ) ഞങ്ങളോട് പ്രഭാഷണം നടത്തിയപ്പോഴെല്ലാം ഇപ്രകാരം പറയാതിരുന്നിട്ടില്ല: "വിശ്വസ്തത കാത്തുസൂക്ഷിക്കാത്തവന് ഈമാനില്ല. കരാർ പാലിക്കാത്തവന് ദീനുമില്ല." حسن لغيره - رواه أحمد
explain-icon

വിശദീകരണം

നബി (ﷺ) നടത്തുന്ന മിക്ക ഖുതുബകളിലും രണ്ട് കാര്യങ്ങൾ അവിടുന്ന് പറയാതെ വിടാറുണ്ടായിരുന്നില്ല എന്ന് അനസ് ബ്നു മാലിക് (رضي الله عنه) അറിയിക്കുന്നു. ഒന്നാമത്തെ കാര്യം: മറ്റൊരാളെ സമ്പത്തിൻ്റെയോ ജീവൻ്റെയോ കുടുംബത്തിൻ്റെയോ കാര്യത്തിൽ വഞ്ചിക്കുന്ന ഒരു മനുഷ്യന് ഈമാനിൻ്റെ പൂർണ്ണത നേടിപ്പിടിക്കാനായിട്ടില്ല എന്നതാണ്. രണ്ടാമത്തെ കാര്യം: കരാറുകളും ഉറപ്പുകളും ലംഘിക്കുകയും കാറ്റിൽ പറത്തുകയും ചെയ്യുന്നവർക്ക് പൂർണ്ണമായ ദീനീ നിഷ്ഠയില്ല എന്നതാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • വിശ്വസിച്ചേൽപ്പിക്കപ്പെട്ട കാര്യത്തിൽ വിശ്വസ്തത പുലർത്തുകയും, കരാറുകൾ നിറവേറ്റുകയും ചെയ്യാനുള്ള കൽപ്പന; അവ ലംഘിക്കുന്നത് ഈമാനിൽ കുറവുണ്ടാക്കുന്ന കാര്യമാണ്.
  • വിശ്വാസവഞ്ചനയും കരാർ ലംഘനവും ശക്തമായി താക്കീത് നൽകപ്പെട്ട തിന്മകളാണ്. വൻപാപങ്ങളിൽ പെട്ട കബാഇറുകളിലാണ് അത് ഉൾപ്പെടുക.
  • വിശ്വാസ്യതയും കരാർ പാലനവും കാത്തുസൂക്ഷിക്കണമെന്ന ഹദീഥിലെ കൽപ്പന അല്ലാഹുവിനും അടിമകൾക്കുമിടയിലെ കരാറുകളുടെ കാര്യത്തിൽ ബാധകമാണെന്നതു പോലെ, സൃഷ്ടികൾ പരസ്പരമുള്ള കരാറുകളുടെ കാര്യത്തിലും ബാധകമാണ്.