ഹജ്ജിൻ്റെയോ ഉംറയുടെയോ കർമ്മങ്ങളിൽ പ്രവേശിക്കാൻ ഉദ്ദേശിച്ചാൽ നബി (ﷺ) പറയാറുണ്ടായിരുന്ന തൽബിയ്യത്തിൻ്റെ വാചകം ഇപ്രകാരമായിരുന്നു: «لَبَّيْكَ اللهُمَّ، لَبَّيْكَ» : അല്ലാഹുവേ, നീ ഞങ്ങളെ ക്ഷണിച്ചതിലേക്കെല്ലാം -നിനക്ക് മാത്രം ഇബാദത്തുകൾ തനിച്ചാക്കണമെന്നതിലേക്കും, നിന്നെ ഏകനാക്കണമെന്നതിലേക്കും ഹജ്ജ് നിർവ്വഹിക്കണമെന്നതിലേക്കുമെല്ലാം- പൂർണ്ണമനസ്സോടെ നിർബന്ധമായും ഞങ്ങൾ ഉത്തരം നൽകിയിരിക്കുന്നു. «لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ» : നീ മാത്രമാകുന്നു ഇബാദത്തുകൾക്ക് അർഹതയുള്ള ഏക ആരാധ്യൻ. നിനക്ക് നിൻ്റെ സൃഷ്ടിരക്ഷാധികാരങ്ങളിലോ, ആരാധനക്കുള്ള അർഹതയിലോ, നിൻ്റെ നാമങ്ങളിലോ വിശേഷണങ്ങളിലോ ഒരു പങ്കുകാരനുമില്ല. «إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ» : തീർച്ചയായും സർവ്വ സ്തുതിയും നന്ദിയും പ്രകീർത്തനങ്ങളും നിനക്കുള്ളതാണ്. എല്ലാ അനുഗ്രഹങ്ങളും നിൻ്റേതും നീ നൽകിയതും മാത്രമാണ്. അതിനുള്ള നന്ദി എല്ലാ സാഹചര്യങ്ങളിലും നിനക്ക് മാത്രം നൽകേണ്ടതുമാണ്. ഇതു പോലെയാണ് നിൻ്റെ സർവ്വാധികാരവും. അതിലൊന്നും നിനക്ക് യാതൊരു പങ്കുകാരനുമില്ല; നീ സമ്പൂർണ്ണ ഏകത്വമുള്ളവനാകുന്നു. ഇബ്നു ഉമർ (رضي الله عنهما) ഈ വാചകങ്ങളോടൊപ്പം ഇത്രകൂടി അധികമായി പറയാറുണ്ടായിരുന്നു: لَبَّيْكَ لَبَّيْكَ وَسَعْدَيْكَ : നിൻ്റെ വിളിക്ക് ഉത്തരം നൽകി ഞാൻ വന്നിരിക്കുന്നു. മേൽക്കുമേൽ നിൻ്റെ സൗഭാഗ്യങ്ങൾ നീ എനിക്ക് മേൽ വർഷിച്ചാലും. وَالْخَيْرُ بِيَدَيْكَ : എല്ലാ നന്മകളും നിൻ്റെ കരങ്ങളിലും, നിൻ്റെ ഔദാര്യത്തിൽ പെട്ടതുമാണ്. لَبَّيْكَ وَالرَّغْبَاءُ إِلَيْكَ وَالْعَمَلُ : എല്ലാ ചോദ്യങ്ങളും തേട്ടങ്ങളും സർവ്വ നന്മകളും കൈവശമുള്ള നിന്നിലേക്ക് മാത്രമാകുന്നു. എല്ലാ പ്രവർത്തനങ്ങളും നിനക്കുള്ളത് മാത്രമാകുന്നു. നീയാകുന്നു എല്ലാ അരാധനകൾക്കും അർഹതയുള്ളവൻ.