സ്വഹാബികളിൽ പെട്ട ഒരാൾ നബി -ﷺ- യോട് ചോദിച്ചു: "ഞങ്ങൾ സമുദ്രത്തിൽ മീൻപിടിക്കുന്നതിനും കച്ചവടാവശ്യാർത്ഥങ്ങൾക്കായും മറ്റുമെല്ലാം കപ്പലിൽ സഞ്ചരിക്കാറുണ്ട്. ദാഹിച്ചാൽ കുടിക്കാൻ വേണ്ടി കുറച്ചു ശുദ്ധമായ വെള്ളവും ഞങ്ങൾ കൂടെ കരുതാറുണ്ട്. ഈ വെള്ളം വുദൂഅ് ചെയ്യാനും കുളിക്കാനും വേണ്ടി ഉപയോഗപ്പെടുത്തിയാൽ അത് തീർന്നു പോകുകയും, കുടിക്കാൻ ഞങ്ങൾക്ക് വെള്ളം ലഭിക്കാതെ വരുകയും ചെയ്യും. അതിനാൽ സമുദ്രജലം കൊണ്ട് വുദൂഅ് ചെയ്യാൻ ഞങ്ങൾക്ക് അനുവാദമുണ്ടോ?!" അപ്പോൾ സമുദ്രജലത്തെ കുറിച്ച് നബി -ﷺ- പറഞ്ഞു: "അതിലെ വെള്ളം ശുദ്ധിയുള്ളതും ശുദ്ധീകരിക്കാൻ കഴിവുള്ളതുമാണ്. അതിൽ നിന്ന് വുദൂഅ് ചെയ്യുന്നതും കുളിക്കുന്നതും അനുവദനീയമാണ്. അതിൽ നിന്ന് ലഭിക്കുന്ന മത്സ്യവും മറ്റും ഭക്ഷിക്കുന്നതും അനുവദനീയം തന്നെ; നിങ്ങൾ വേട്ടയാടി പിടിക്കുന്നതിന് മുൻപ് -ചത്തു കിടക്കുന്ന നിലയിലാണ്- അവയെ നിങ്ങൾ കണ്ടെത്തിയത് എങ്കിലും നിങ്ങൾക്കവ ഭക്ഷിക്കാവുന്നതാണ്."