തൻ്റെ വിശ്വാസത്തിൽ സത്യസന്ധത പുലർത്തുകയും, അതിൽ സമാധാനം കണ്ടെത്തുകയും ചെയ്യുന്ന യഥാർത്ഥ മുഅ്മിൻ തൻ്റെ ഹൃദയത്തിൽ വിശ്വാസത്തിൻ്റെ ഫലമായി ലഭിക്കുന്ന വിശാലതയും ആശ്വാസവും സന്തോഷവും മധുരവും അല്ലാഹുവിനോടുള്ള സാമീപ്യത്തിൻ്റെ ആസ്വാദനവും അനുഭവിക്കുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. പക്ഷേ ഈ അവസ്ഥയിൽ അവൻ എത്തിപ്പെടാൻ മൂന്ന് കാര്യങ്ങളിൽ അവൻ തൃപ്തിയടയേണ്ടതുണ്ട്. ഒന്ന്: അല്ലാഹുവിനെ അവൻ്റെ റബ്ബായും രക്ഷിതാവായും തൃപ്തിപ്പെടണം. അല്ലാഹുവാണ് അവൻ്റെ രക്ഷിതാവ് എന്നതിനാൽ അവൻ നൽകുന്ന ഉപജീവനത്തിൻ്റെ വിഹിതത്തിലും അവൻ വിധിച്ച വ്യത്യസ്ത അവസ്ഥകളിലും അവൻ തൃപ്തിയുള്ളവനായിരിക്കണം. അതിലൊന്നും യാതൊരു നിലക്കുമുള്ള എതിർപ്പ് അവൻ്റെ ഹൃദയത്തിൽ ഉണ്ടായിക്കൂടാ. അല്ലാഹുവിന് പുറമെ അവൻ മറ്റൊരു രക്ഷിതാവിനെയും തേടിപ്പോകുന്നവനുമായിക്കൂടാ. രണ്ട്: ഇസ്‌ലാമിനെ തൻ്റെ മതമായി തൃപ്തിപ്പെട്ടിരിക്കണം. ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ടിട്ടുള്ള വിധിവിലക്കുകളിലും നിർബന്ധബാധ്യതകളിലും അവൻ തൃപ്തിയടഞ്ഞവനായിരിക്കണം. ഇസ്‌ലാമിൻ്റെ പാതയിലല്ലാതെ മറ്റൊരു പാതയിലും അവൻ സഞ്ചരിക്കുന്നവനായിക്കൂടാ. മൂന്ന്: മുഹമ്മദ് നബി -ﷺ- യെ തൻ്റെ ദൂതനായി അവൻ തൃപ്തിപ്പെട്ടിരിക്കണം. നബി -ﷺ- യിൽ നിന്ന് വന്നെത്തിയ എല്ലാ കാര്യത്തിലും ഒരു സംശയമോ ആശയക്കുഴപ്പമോ പോലും വന്നെത്താത്ത വിധത്തിൽ അവൻ തൃപ്തിയടഞ്ഞവനും സന്തോഷമുള്ളവനുമായിരിക്കണം. അവിടുത്തെ മാതൃകക്ക് യോജിക്കുന്ന വഴിയിൽ മാത്രമേ അവൻ പ്രവേശിക്കാനും പാടുള്ളൂ.