നബി -ﷺ- തന്റെ പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തിൽ വഹ്‌യ് നിലക്കുകയും ഇറങ്ങുന്നത് തടസ്സപ്പെടുകയും ചെയ്തതിനെക്കുറിച്ച് സംസാരിക്കവെ പറഞ്ഞു: "ഞാൻ മക്കയിലെ വഴിയിലൂടെ നടന്നുപോകുന്നതിനിടെ ആകാശത്തുനിന്ന് ഒരു ശബ്ദം കേട്ടു. അപ്പോൾ ഞാൻ എന്റെ ദൃഷ്ടി ഉയർത്തി നോക്കി. അതാ, ഹിറാ ഗുഹയിൽ എന്റെ അടുക്കൽ വന്ന മലക്ക് ജിബ്‌രീൽ ആകാശത്തിനും ഭൂമിക്കും ഇടയിൽ ഒരു കസേരയിൽ ഇരിക്കുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് കഠിനമായ ഭയം തോന്നി. ഞാൻ എന്റെ വീട്ടുകാരുടെ അടുത്തേക്ക് മടങ്ങി. എന്നിട്ട് ഞാൻ പറഞ്ഞു: എന്നെ വസ്ത്രം കൊണ്ട് പുതപ്പിക്കൂ." അപ്പോൾ അല്ലാഹു ഈ ആയത്തുകൾ അവതരിപ്പിച്ചു: "ഹേ; പുതച്ചുമൂടിയവനേ" അതായത് തൻ്റെ വസ്ത്രം കൊണ്ട് ശരീരം ചുറ്റിയവനേ, പ്രബോധനത്തിനായി, "എഴുന്നേൽക്കുക"; "എന്നിട്ട് താക്കീത് നൽകുക"; താങ്കളുടെ ദൗത്യത്തിൽ വിശ്വസിക്കാത്തവർക്ക് മുന്നറിയിപ്പ് നൽകുക. "താങ്കളുടെ റബ്ബിനെ" ആരാധിക്കപ്പെടുന്ന താങ്കളുടെ ഇലാഹിനെ "മഹത്വപ്പെടുത്തുക"; അവനെ സ്തുതിക്കുകയും മഹത്വമുടയവനായി വാഴ്ത്തുകയും ചെയ്യുക. "താങ്കളുടെ വസ്ത്രങ്ങളെ -മാലിന്യങ്ങളിൽ (നജസ്) നിന്നും- ശുദ്ധിയാക്കുക" വിഗ്രഹങ്ങളെയും ബിംബങ്ങളെയും ആരാധിക്കുക എന്ന "പാപം നീ വെടിയുകയും" ഉപേക്ഷിക്കുകയും ചെയ്യുക. അതിനുശേഷം വഹ്‌യ് ശക്തമാവുകയും വഹ്‌യിൻ്റെ ആഗമനം വർദ്ധിക്കുകയും ചെയ്തു.