നബി (ﷺ) യുടെ പ്രാർത്ഥനകളിൽ പെട്ട ഒരു ദുആയാണിത്. അല്ലാഹുവേ! നിനക്ക് ഞാൻ സമർപ്പിക്കുകയും കീഴൊതുങ്ങുകയും ചെയ്തിരിക്കുന്നു. നിന്നിൽ ഞാൻ വിശ്വസിക്കുകയും നിന്നെ സത്യപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. നിൻ്റെ മേൽ ഞാൻ ഭരമേൽപ്പിക്കുകയും എൻ്റെ കാര്യങ്ങളെല്ലാം ഏൽപ്പിക്കുകയും നിന്നെ എൻ്റെ അവലംബമാക്കുകയും ചെയ്തിരിക്കുന്നു. നിന്നിലേക്ക് ഞാൻ പശ്ചാത്തപിച്ചു മടങ്ങുകയും നിന്നെ അനുസരിച്ചു കൊണ്ട് നിന്നിലേക്ക് മുന്നിടുകയും ചെയ്തിരിക്കുന്നു. നിന്നെ മുൻനിർത്തി കൊണ്ട് ഞാൻ വാഗ്വാദം നടത്തുകയും നിൻ്റെ ശത്രുക്കളോട് സംവദിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവേ! നിൻ്റെ പ്രതാപവും മഹത്വവും അധീശത്വവും മുൻനിർത്തി കൊണ്ട് ഞാൻ നിന്നോട് അഭയം തേടുകയും നിന്നിൽ രക്ഷ തേടുകയും ചെയ്യുന്നു; ആരാധനകൾക്ക് അർഹതയുള്ള ഒരുവനുമില്ല; നീയല്ലാതെ. അതിനാൽ എന്നെ നീ സന്മാർഗത്തിൽ നിന്ന് തെറ്റിക്കുകയോ നിൻ്റെ തൃപ്തിയിലേക്ക് എത്തിപ്പെടുന്നതിൽ നിന്ന് തിരിച്ചു വിടുകയോ ചെയ്യുന്നതിൽ നിന്ന് ഞാൻ രക്ഷ ചോദിക്കുന്നു. നീയാകുന്നു ഒരിക്കലും മരിക്കുകയോ അവസാനിക്കുകയോ ചെയ്യാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവനായ അൽ ഹയ്യ്. ജിന്നുകളും മനുഷ്യരുമെല്ലാം മരിച്ചു പോകുന്നവരും മൃതിയടയുന്നവരുമാകുന്നു.