നബി -ﷺ- യുടെ പ്രാർത്ഥനകളിൽ പെട്ടതായിരുന്നു ഇത്: "അല്ലാഹുവേ, ഞാൻ നിന്നോട് അഭയം തേടുന്നു" - നിന്നിലേക്ക് അഭയം തേടുന്നു. "കഴിവില്ലായ്മയിൽ നിന്ന്" - പ്രയോജനകരമായ ഒരു വഴിയും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിൽ നിന്ന്. "അലസതയിൽ നിന്ന്" - പ്രവർത്തിക്കാനുള്ള ഇച്ഛയില്ലാത്ത അവസ്ഥയിൽ നിന്ന്. കഴിവില്ലാത്തവന് വഴി കണ്ടെത്താൻ കഴിയില്ല, അലസന് അതിന് ആഗ്രഹവുമില്ല. "ഭീരുത്വത്തിൽ നിന്ന്" - അതായത്, ചെയ്യേണ്ട കാര്യങ്ങളിൽ നിന്ന് പിറകോട്ടു പോകുന്നതിൽ നിന്ന്. "പിശുക്കിൽ നിന്ന്" - നിർബന്ധമായും ചെലവഴിക്കേണ്ടത് നൽകാതെ പിടിച്ചു വെക്കുന്നതിൽ നിന്ന്. "വാർദ്ധക്യത്തിൽ നിന്ന്" - ശരീരത്തെ ദുർബലപ്പെടുത്തുന്ന പ്രായാധിക്യത്തിൽ നിന്ന്. "ഖബ്ർ ശിക്ഷയിൽ നിന്ന്" - അതായത്, അതിലേക്ക് നയിക്കുന്ന കാരണങ്ങളിൽ അകപ്പെടുന്നതിൽ നിന്ന്. "അല്ലാഹുവേ, എന്റെ മനസ്സിന് നീ തഖ്‌വ നൽകേണമേ," - അഥവാ സൽകർമങ്ങൾ പ്രവർത്തിക്കുന്നതിലേക്കും തിന്മകൾ ഉപേക്ഷിക്കുന്നതിലേക്കും നീ അതിനെ നയിക്കേണമേ. "അതിനെ നീ ശുദ്ധീകരിക്കേണമേ!" - അതായത്, മോശം സ്വഭാവങ്ങളിൽ നിന്നും നീചമായ കാര്യങ്ങളിൽ നിന്നും അതിനെ നീ ശുദ്ധമാക്കേണമേ. "നീയാണ് മനസ്സുകളെ ഏറ്റവും നന്നായി ശുദ്ധീകരിക്കുന്നവൻ." - നീയല്ലാതെ മറ്റാരും അതിനെ പരിശുദ്ധമാക്കുന്നില്ല. "നീയാണ് അതിന്റെ സംരക്ഷകൻ" - അതിനെ സഹായിക്കുന്നവനും അതിനെ പരിപാലിക്കുന്നവനും. "അതിന്റെ രക്ഷാധികാരിയും" - അതായത് മനസ്സിൻ്റെ കാര്യങ്ങൾ നോക്കുന്നവനും, അതിന്റെ രക്ഷിതാവും ഉടമസ്ഥനും അതിന് മേൽ അനുഗ്രഹം ചെയ്യുന്നവനും. "അല്ലാഹുവേ, ഉപകാരമില്ലാത്ത അറിവിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു" - ജ്യോതിഷം, ജോത്സ്യം, സിഹ്ർ (മാരണം) പോലുള്ള അറിവുകൾ ഉദാഹരണം. അല്ലെങ്കിൽ പരലോകത്ത് യാതൊരു പ്രയോജനവുമില്ലാത്ത അറിവുകളും, സൽകർമ്മങ്ങളിലേക്ക് നയിക്കാത്ത അറിവുകളും. "ഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്ന് ഞാൻ അഭയം തേടുന്നു" - അതായത്, നിനക്ക് (അല്ലാഹുവിന്) വഴങ്ങാത്ത, വിനയമില്ലാത്ത, ശാന്തതയില്ലാത്ത, നിന്നെ സ്മരിക്കുന്നതിലൂടെ സമാധാനം കണ്ടെത്താത്ത ഹൃദയത്തിൽ നിന്ന്. "തൃപ്തി വരാത്ത മനസ്സിൽ നിന്ന്" - അല്ലാഹു നൽകിയ ഹലാലായ നല്ല വിഭവങ്ങൾ കൊണ്ട് തൃപ്തിയടയാത്ത മനസ്സിൽ നിന്ന്. "ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ നിന്ന്" - അതായത്, നിരസിക്കപ്പെടുന്ന പ്രാർത്ഥനയിൽ നിന്ന്.