അബ്ദുല്ലാഹിബ്നു ബുസ്ർ (رضي الله عنه) പറയുന്നു: ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഇസ്‌ലാമിന്റെ നിയമനിർദേശങ്ങൾ ധാരാളമായി എനിക്കനുഭവപ്പെടുന്നു. അതിനാൽ എനിക്ക് മുറുകെപ്പിടിക്കാൻ (എളുപ്പമുള്ള) ഒരു കാര്യം പറഞ്ഞുതന്നാലും. നബി -ﷺ- പറഞ്ഞു: "നിന്റെ നാവ് അല്ലാഹുവിന്റെ ദിക്ർ കൊണ്ട് എപ്പോഴും നനവുള്ളതാകട്ടെ." صحيح - رواه الترمذي وابن ماجه وأحمد
explain-icon

വിശദീകരണം

ഐഛികമായ ഇബാദത്തുകൾ ഏറെ അധികമുള്ളതായി തനിക്ക് അനുഭവപ്പെടുന്നതിനാൽ അവ ചെയ്യാൻ താൻ അശക്തനാകുന്നു എന്ന കാര്യം ഒരാൾ നബി -ﷺ- യോട് ആവലാതിയായി പറഞ്ഞു. ശേഷം ധാരാളം പ്രതിഫലം ലഭിക്കാൻ കാരണമാകുന്ന ഒരു ലളിതമായ നന്മ തനിക്ക് അറിയിച്ചു തരാനും, അക്കാര്യം താൻ മുറുകെ പിടിച്ചു കൊള്ളാമെന്നും അദ്ദേഹം നബി -ﷺ- യെ അറിയിച്ചു. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയും ദിക്റും കൊണ്ട് തൻ്റെ നാവ് സദാ സമയവും ഏതവസ്ഥയിലും ചലിപ്പിച്ചു കൊണ്ടിരിക്കാനും സമൃദ്ധമാക്കാനും നബി -ﷺ- അയാളെ ഉപദേശിച്ചു. തസ്ബീഹുകളും തഹ്‌മീദുകളും ഇസ്തിഗ്ഫാറുകളും പോലെയുള്ള ദിക്റുകളെല്ലാം ഈ പറഞ്ഞതിൽ ഉൾപ്പെടും.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • എപ്പോഴും അല്ലാഹുവിന് ദിക്ർ ചൊല്ലിക്കൊണ്ടിരിക്കുന്നതിൻ്റെ ശ്രേഷ്ഠത.
  • അല്ലാഹുവിൻ്റെ പ്രതിഫലം നേടാനുള്ള വഴികൾ അവൻ എളുപ്പമാക്കി തന്നിരിക്കുന്നു എന്നത് അല്ലാഹുവിൻ്റെ അപാരമായ ഔദാര്യത്തിൻ്റെ തെളിവാണ്.
  • നന്മകളിലും സൽക്കർമ്മങ്ങളിലും മനുഷ്യർ പല തട്ടുകളിലായിരിക്കും.
  • നാവ് കൊണ്ട് അല്ലാഹുവിന് ധാരാളമായി ദിക്ർ ചൊല്ലിക്കൊണ്ടിരിക്കുക; തസ്ബീഹ് (സുബ്ഹാനല്ലാഹ്), തഹ്ലീൽ (ലാ ഇലാഹ ഇല്ലല്ലാഹ്), തക്ബീർ (അല്ലാഹു അക്ബർ), തഹ്മീദ് (അൽഹംദുലില്ലാഹ്) എന്നിങ്ങനെയുള്ള ദിക്റുകൾ ഹൃദയത്തിൽ അർത്ഥവും ആശയവും ചിന്തിച്ചു കൊണ്ട് ചൊല്ലുന്നത് അനേകം ഐഛികമായ കർമ്മങ്ങൾ ചെയ്യുന്നതിൻ്റെ അതേ പ്രതിഫലം നേടിത്തരും.
  • ചോദ്യകർത്താക്കളുടെ അവസ്ഥകൾ പരിഗണിച്ച് കൊണ്ടുള്ള ഉത്തരങ്ങളായിരുന്നു നബി -ﷺ- നൽകിയിരുന്നത്.
explain-icon

കൂടുതൽ