അബ്ദുല്ലാഹി ബ്നു ബുസ്ർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ ഒരു മനുഷ്യൻ വന്നുകൊണ്ടു പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും ഇസ്ലാമിലെ മതനിയമങ്ങൾ നമ്മുടെ മേൽ ധാരാളമായിരിക്കുന്നു. അതിനാൽ അവയെല്ലാം നമുക്ക് മുറുകെ പിടിക്കാൻ കഴിയുന്ന ഏതെങ്കിലുമൊരു വിഷയം (പറഞ്ഞു തന്നിരുന്നെങ്കിൽ!) നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ കൊണ്ട് നിൻ്റെ നാവ് എപ്പോഴും നനവുള്ളതായിരിക്കട്ടെ." മുആദ് ബിൻ ജബൽ (رضي الله عنه) നിവേദനം ചെയ്ത മറ്റൊരു നിവേദനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു: "ഞാൻ അവസാനമായി അല്ലാഹുവിൻ്റെ റസൂലിൻ്റെ (ﷺ) സന്നിധിയിൽ നിന്ന് വിട്ടുപിരിഞ്ഞ സന്ദർഭത്തിൽ അവിടുത്തോട് ചോദിച്ചു: "ഏറ്റവും ഉത്തമവും അല്ലാഹുവിലേക്ക് ഏറ്റവും സാമീപ്യം സിദ്ധിക്കുന്നതുമായ കർമ്മം ഏതാണ്?" അപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹുവിൻ്റെ സ്മരണയാൽ നിൻ്റെ നാവ് നനവുള്ള സ്ഥിതിയിലായിരിക്കെ മരിക്കാൻ സാധിക്കുക എന്നതാണ്.'" صحيح - رواه أحمد والترمذي وابن ماجه وابن حبان
explain-icon

വിശദീകരണം

ഐഛികമായ ഇബാദത്തുകൾ ഏറെ അധികമുള്ളതായി തനിക്ക് അനുഭവപ്പെടുന്നതിനാൽ അവ ചെയ്യാൻ താൻ അശക്തനാകുന്നു എന്ന കാര്യം ഒരാൾ നബി -ﷺ- യോട് ആവലാതിയായി പറഞ്ഞു. ശേഷം ധാരാളം പ്രതിഫലം ലഭിക്കാൻ കാരണമാകുന്ന ഒരു ലളിതമായ നന്മ തനിക്ക് അറിയിച്ചു തരാനും, അക്കാര്യം താൻ മുറുകെ പിടിച്ചു കൊള്ളാമെന്നും അദ്ദേഹം നബി -ﷺ- യെ അറിയിച്ചു. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയും ദിക്റും കൊണ്ട് തൻ്റെ നാവ് സദാ സമയവും ഏതവസ്ഥയിലും ചലിപ്പിച്ചു കൊണ്ടിരിക്കാനും സമൃദ്ധമാക്കാനും നബി -ﷺ- അയാളെ ഉപദേശിച്ചു. തസ്ബീഹുകളും തഹ്‌മീദുകളും ഇസ്തിഗ്ഫാറുകളും പോലെയുള്ള ദിക്റുകളെല്ലാം ഈ പറഞ്ഞതിൽ ഉൾപ്പെടും.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • എപ്പോഴും അല്ലാഹുവിന് ദിക്ർ ചൊല്ലിക്കൊണ്ടിരിക്കുന്നതിൻ്റെ ശ്രേഷ്ഠത.
  • അല്ലാഹുവിൻ്റെ പ്രതിഫലം നേടാനുള്ള വഴികൾ അവൻ എളുപ്പമാക്കി തന്നിരിക്കുന്നു എന്നത് അല്ലാഹുവിൻ്റെ അപാരമായ ഔദാര്യത്തിൻ്റെ തെളിവാണ്.
  • നന്മകളിലും സൽക്കർമ്മങ്ങളിലും മനുഷ്യർ പല തട്ടുകളിലായിരിക്കും.
  • നാവ് കൊണ്ട് അല്ലാഹുവിന് ധാരാളമായി ദിക്ർ ചൊല്ലിക്കൊണ്ടിരിക്കുക; തസ്ബീഹ് (സുബ്ഹാനല്ലാഹ്), തഹ്ലീൽ (ലാ ഇലാഹ ഇല്ലല്ലാഹ്), തക്ബീർ (അല്ലാഹു അക്ബർ), തഹ്മീദ് (അൽഹംദുലില്ലാഹ്) എന്നിങ്ങനെയുള്ള ദിക്റുകൾ ഹൃദയത്തിൽ അർത്ഥവും ആശയവും ചിന്തിച്ചു കൊണ്ട് ചൊല്ലുന്നത് അനേകം ഐഛികമായ കർമ്മങ്ങൾ ചെയ്യുന്നതിൻ്റെ അതേ പ്രതിഫലം നേടിത്തരും.
  • ചോദ്യകർത്താക്കളുടെ അവസ്ഥകൾ പരിഗണിച്ച് കൊണ്ടുള്ള ഉത്തരങ്ങളായിരുന്നു നബി -ﷺ- നൽകിയിരുന്നത്.
explain-icon

കൂടുതൽ