അമ്മാർ ഇബ്നു യാസിർ -رَضِيَ اللَّهُ عَنْهُمَا- മസ്ജിദിൽ പ്രവേശിച്ച ശേഷം ഒരു സുന്നത്ത് നിസ്കാരം നിർവ്വഹിച്ചു. അതൊരു ലഘുവായ നിസ്കാരമായിരുന്നു. അദ്ദേഹം മസ്ജിദിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അബ്ദുല്ലാഹിബ്നു അനമഃ ചോദിച്ചു: "ഹേ അബാ യഖ്‌ളാൻ, താങ്കൾ താങ്കളുടെ നിസ്കാരം ലഘൂകരിക്കുന്നത് ഞാൻ കണ്ടല്ലോ!" അമ്മാർ പറഞ്ഞു: "അതിൻ്റെ റുക്നുകളിലോ (അവിഭാജ്യ ഘടകങ്ങൾ), വാജിബുകളിലോ (നിർബന്ധ കാര്യങ്ങൾ), നിബന്ധനകളിലോ ഞാൻ വല്ല കുറവും വരുത്തിയത് നീ കണ്ടോ?!" അദ്ദേഹം പറഞ്ഞു: "ഇല്ല." അപ്പോൾ അമ്മാർ (رضي الله عنه) പറഞ്ഞു: "പിശാച് എൻ്റെ ശ്രദ്ധ തിരിക്കുന്നതിന് മുമ്പായി നിസ്കാരം നിർവ്വഹിച്ചു തീർക്കുന്നതിന് വേണ്ടിയാണ് ഞാൻ അത് ലഘൂകരിച്ചത്." അദ്ദേഹം പറഞ്ഞു: 'നബി -ﷺ- ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "തീർച്ചയായും ഒരു അടിമ നിസ്കരിക്കും; എന്നാൽ അവന് അതിൻ്റെ പ്രതിഫലത്തിൽ നിന്ന് പത്തിലൊന്നോ, അല്ലെങ്കിൽ ഒമ്പതിലൊന്നോ, അല്ലെങ്കിൽ എട്ടിലൊന്നോ, അല്ലെങ്കിൽ ഏഴിലൊന്നോ, അല്ലെങ്കിൽ ആറിലൊന്നോ, അല്ലെങ്കിൽ അഞ്ചിലൊന്നോ, അല്ലെങ്കിൽ നാലിലൊന്നോ, അല്ലെങ്കിൽ മൂന്നിലൊന്നോ, അല്ലെങ്കിൽ പകുതിയോ അല്ലാതെ രേഖപ്പെടുത്തപ്പെടുകയില്ല."