എല്ലാ പ്രവർത്തനങ്ങളും നിയ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിഗണിക്കപ്പെടുക എന്ന് നബി ﷺ ഈ ഹദീഥിലൂടെ അറിയിക്കുന്നു. ആരാധനകൾക്കും ഇടപാടുകൾക്കുമെല്ലാം ഈ പൊതുനിയമം ബാധകമാണ്. അതിനാൽ ആരെങ്കിലും തൻ്റെ പ്രവർത്തനത്തിലൂടെ എന്തെങ്കിലും ഭൗതിക പ്രയോജനം മാത്രമാണ് ലക്ഷ്യം വെക്കുന്നത് എങ്കിൽ അവന് ആ പ്രയോജനമല്ലാതെ മറ്റൊരു പ്രതിഫലവും ലഭിക്കുകയില്ല. എന്നാൽ തൻ്റെ പ്രവർത്തനത്തിലൂടെ ഒരാൾ അല്ലാഹുവിലേക്ക് സാമീപ്യം സിദ്ധിക്കാനും അവൻ്റെ പക്കൽ നിന്നുള്ള പ്രതിഫലം നേടിയെടുക്കാനുമാണ് ലക്ഷ്യം വെക്കുന്നത് എങ്കിൽ അവന് അതിനുള്ള പ്രതിഫലം ലഭിക്കുന്നതാണ്; അത് സാധാരണ ജീവിതവ്യവഹാരങ്ങളിൽ പെടുന്ന ഭക്ഷണം കഴിക്കലും വെള്ളം കുടിക്കലുമൊക്കെയാണെങ്കിൽ പോലും (അതിന് പ്രതിഫലമുണ്ടായിരിക്കും). ശേഷം പ്രവർത്തനങ്ങളുടെ മേൽ നിയ്യത്തിനുള്ള (ഉദ്ദേശ്യം) സ്വാധീനം എന്താണെന്ന് കൂടി നബി ﷺ വിവരിക്കുന്നു. പുറമേക്ക് ഒരേ പോലെ കാണപ്പെട്ടേക്കാവുന്ന പ്രവർത്തനങ്ങൾ പോലും നിയ്യത്തിൻ്റെ അടിസ്ഥാനത്തിൽ മാറിമറിയും. ഉദാഹരണത്തിന് ഒരാൾ തൻ്റെ നാട് ഉപേക്ഷിച്ചു കൊണ്ട് ഇസ്‌ലാമിക ജീവിതം നയിക്കാനായി പാലായനം നടത്തുകയും, അതിലൂടെ അല്ലാഹുവിൻ്റെ തൃപ്തി ആഗ്രഹിക്കുകയുമാണെങ്കിൽ അവൻ്റെ പാലായനം ഇസ്‌ലാമികമാണ്; അത് അല്ലാഹുവിങ്കൽ സ്വീകാര്യവും, അവൻ്റെ സത്യസന്ധമായ ഉദ്ദേശ്യത്തിനാൽ നാളെ പ്രതിഫലം നൽകപ്പെടുന്ന പ്രവർത്തിയുമായിരിക്കും. എന്നാൽ ഒരാൾ തൻ്റെ പാലായനത്തിലൂടെ എന്തെങ്കിലും ഭൗതിക നേട്ടമാണ് ലക്ഷ്യം വെക്കുന്നത് എങ്കിൽ -ഉദാഹരണത്തിന് സമ്പത്തോ സ്ഥാനമോ കച്ചവടമോ വിവാഹമോ മറ്റോ ആണെങ്കിൽ- അവൻ ലക്ഷ്യം വെച്ച ആ ഉദ്ദേശ്യമല്ലാതെ അവന് ലഭിക്കുന്നതല്ല. പരലോകത്ത് അവന് പ്രതിഫലമോ പുണ്യമോ ഉണ്ടായിരിക്കുന്നതല്ല.